കൊല്‍ക്കത്ത:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം വിജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തില്‍ മുഹമ്മദന്‍സ് എഫ്.സിയുമായാണ് മഞ്ഞപ്പടയുടെ പോരാട്ടം. മത്സരം വൈകീട്ട് 7.30ന് കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടക്കും. പരിക്കിന്‍റെ പിടിയിലായിരുന്ന ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയാന്‍ ലൂണ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ആദ്യ ഇലവനിലുണ്ടാകും. പരിക്കിനെ തുടര്‍ന്ന് ലൂണ അവസാന മത്സരങ്ങളില്‍ പകരക്കാരന്‍റെ വേഷത്തിലായിരുന്നു.
ലൂണ കൂടി എത്തുന്നതോടെ മഞ്ഞപ്പടയുടെ പ്രകടനം തീ പാറുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ മൊറോക്കന്‍ താരമായ നോഹ സദോയിയുടെ മികച്ച ഫോമും ടീമിന് തുണയാവും. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി അഞ്ചുപോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഒഡിഷക്കെതിരേ 3-3 ന്‍റെ സമനില വഴങ്ങിയ മഞ്ഞപ്പട ജയം പ്രതീക്ഷിച്ചാണ് ഇന്ന് മുഹമ്മദന്‍സിനെ നേരിടുന്നത്.
ബ്ലാസ്റ്റേഴ്‌സിന്‍റെ തുടർച്ചയായ മൂന്നാം എവേ മത്സരമാണിത്. കഴിഞ്ഞ 2 കളികളും സമനിലയിലായിരുന്നു കലാശിച്ചത്. ഇന്ന് മുഹമ്മദന്‍സിനെ കീഴടക്കി മൂന്ന് പോയിന്‍റുമായി നാളെ കൊച്ചിയിലേക്ക് മടങ്ങണമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്. എന്നാല്‍ അവസാന കളിയില്‍ മോഹന്‍ ബഗാനോട് മൂന്ന് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മുഹമ്മദന്‍സ് ഹോം ഗ്രൗണ്ടില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പോയിന്‍റ് പട്ടികയില്‍ നാലു മത്സരത്തില്‍നിന്ന് നാലു പോയിന്‍റുമായി മുഹമ്മദന്‍സ് 11ാം സ്ഥാനത്താണ്.