ഹൈദരാബാദ്:സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തിൽ നാഗാലൻഡിനെയാണ് കേരളം തകര്‍ത്ത്. ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരിന്നിട്ടും മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം ജയിച്ചത്. മറ്റൊരു ഇന്ത്യന്‍ താരമായ ഋതുരാജ് ഗെയ്‌ക്വാദ് നയിച്ച മഹാരാഷ്ട്രയ്‌ക്കെതിരായ തോൽവിക്കു ശേഷം കേരളത്തിന്‍റെ ആശ്വാസ ജയമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തിൽ ടോസ് നേടി നാഗാലൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 120 റണ്‍സാണ് ടീം നേടിയത്. എന്നാല്‍ മറുപടിയിൽ 52 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കേരളം ജയത്തിലെത്തി. ഫിഫ്‌റ്റിയടിച്ച രോഹൻ കുന്നുമ്മലാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. 28 പന്തുകൾ നേരിട്ട രോഹൻ 57 റൺസെടുത്താണ് പുറത്തായത്. സച്ചിൻ ബേബി 48 റൺസുമായി പുറത്താകാതെ നിന്നു. സൽമാൻ നിസാർ 11 റൺസോടെയും പുറത്താകാതെ നിന്നു.
ഐപിഎൽ താരലേലത്തിൽ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്‌ണു വിനോദാണ് കേരള നിരയിൽ നിരാശപ്പെടുത്തിയത്. ആറു പന്തിൽ രണ്ടു റൺസെടുത്ത് താരം പുറത്താവുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സച്ചിൻ – രോഹൻ സഖ്യമുണ്ടാക്കിയ മികച്ച സ്‌കോറാണ് കേരളത്തിന് തുണയായത്. 55 പന്തിൽ ഇരുവരും 105 റൺസ് അടിച്ചുകൂട്ടി.
നേരത്തേ 33 പന്തിൽ 32 റൺസെടുത്ത ഓപ്പണർ ഷാംഫ്രിയാണ് നാഗാലാൻഡിനായി ഭേദപ്പെട്ട റണ്‍സെടുത്തത്. നായകൻ ജൊനാഥൻ 25 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 22 റൺസെടുത്തു. നിശ്ചൽ 13 22 റൺസും ചേതൻ ബിഷ്ട് കണ്ടത് 2 റൺസുമെടുത്തു. മൂന്നു വിക്കറ്റ് വീഴ്ത്തിയ എൻ.പി. ബേസിലാണ് നാഗാലാന്‍ഡിനെ പെട്ടെന്ന് പവലിയനിലേക്ക് അയച്ചത്.
വെറും 16 റൺസ് വഴങ്ങിയാണ് ബേസിൽ മൂന്നു വിക്കറ്റും വീഴ്ത്തിയത്. ബേസിൽ തമ്പി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ്, ജലജ് സക്സേന, അബ്ദുൽ ബാസിത് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. കേരളത്തിന്‍റെ അടുത്ത മത്സരം നവംബര്‍ 29ന് സൂര്യകുമാർ യാദവിന്‍റെ മുംബൈയ്‌ക്കെതിരെയാണ്.
Also Read:ചാമ്പ്യന്‍സ് ട്രോഫി; വെള്ളിയാഴ്‌ച നിര്‍ണായക യോഗം, പിസിബിക്ക് സാമ്പത്തിക ആനുകൂല്യം നല്‍കിയേക്കും