തിരുവനന്തപുരം :കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് - തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി തൃശൂർ ടൈറ്റൻസിന്‍റെ വിഷ്‌ണു വിനോദ്. വിഷ്‌ണു വിനോദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് വിജയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു തൃശൂര്‍ ടൈറ്റന്‍സിന്‍റെ ജയം.
ആലപ്പി ടീം ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം 12.4 ഓവറില്‍ തൃശൂര്‍ മറികടന്നു. ഓപ്പണറായി ഇറങ്ങിയ വിഷ്‌ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 139 റണ്‍സാണ് അടിച്ചു കൂട്ടിയത്. 33 പന്തിലാണ് വിഷ്‌ണു സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ കെസിഎല്ലിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടവും വിഷ്‌ണു വിനോദിന് സ്വന്തമായി. കെസിഎല്ലിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം സെയിലേഴ്‌സിന്‍റെ സച്ചിന്‍ ബേബിയാണ് കെസിഎല്ലിലെ ആദ്യ സെഞ്ചുറി ജേതാവ്.