ചെന്നൈ:ഐപിഎല്‍ പതിനേഴാം പതിപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്ക് മുന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദയനീയമായി കീഴടങ്ങിയതിന് പിന്നാലെ ഗാലറിയില്‍ വിങ്ങിപ്പൊട്ടി ടീം ഉടമ കാവ്യ മാരൻ. ചെന്നൈയിലെ എംഎ ചിദംബംരം സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിനെ 113 റണ്‍സില്‍ എറിഞ്ഞിട്ട കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു.
വെങ്കടേഷ് അയ്യറുടെ തകര്‍പ്പൻ അര്‍ധസെഞ്ച്വറിയായിരുന്നു കലാശപ്പോരില്‍ കൊല്‍ക്കത്തയുടെ വിജയം എളുപ്പത്തിലാക്കിയത്. മത്സരത്തില്‍ 26 പന്ത് നേരിട്ട താരം പുറത്താകാതെ 52 റണ്‍സ് നേടി. 11-ാം ഓവര്‍ എറിയാൻ എത്തിയ ഷഹബാസ് അഹമ്മദിനെതിരെ സിംഗള്‍ ഓടിയെടുത്താണ് കെകെആര്‍ വിജയറണ്‍ പൂര്‍ത്തിയാക്കിയത്.
ഇതിന് പിന്നാലെ കൊല്‍ക്കത്തയുടെ ഡഗ്ഔട്ടില്‍ വിജയാഘോഷങ്ങളും തുടങ്ങിയരുന്നു. എന്നാല്‍, ആ കാഴ്‌ചയ്‌ക്കെല്ലാം നേര്‍ വിപരീതമായിരുന്നു മറുവശത്ത് ഉണ്ടായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ തോല്‍വിയില്‍ നിരാശയോടെ നില്‍ക്കുന്ന ടീം ഉടമ കാവ്യ മാരന്‍റെ ദൃശ്യങ്ങള്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.
മാധ്യമങ്ങള്‍ കാണാതിരിക്കാൻ തന്‍റെ സങ്കടം കാവ്യ അടക്കിപ്പിടിക്കുന്നതും മുഖം തിരിച്ച് കണ്ണുനീര്‍ തുടയ്‌ക്കുന്നതുമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഷമത്തോടെ കെകെആറിനായി കാവ്യ കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ബാറ്റര്‍മാരുടെ കരുത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ടായിരുന്നു കമ്മിൻസ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍, മത്സരത്തിന്‍റെ ആദ്യ ഓവര്‍ മുതല്‍ക്ക് തന്നെ ഹൈദരാബാദിന്‍റെ പ്രതീക്ഷകളെ തകിടം മറിക്കാൻ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്കായി.
അഭിഷേക് ശര്‍മയെ (2) ഒന്നാം ഓവറില്‍ മടക്കി മിച്ചല്‍ സ്റ്റാര്‍ക് തുടങ്ങിവച്ച വിക്കറ്റ് വേട്ട 19-ാം ഓവറില്‍ ആന്ദ്രേ റസല്‍ ആയിരുന്നു അവസാനിപ്പിച്ചത്. ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍ ആയ നായകൻ പാറ്റ് കമ്മിൻസ് (24) ആയിരുന്നു അവസാനം പുറത്തായത്. മത്സരത്തില്‍ ഹൈദരാബാദിന്‍റെ നാല് ബാറ്റര്‍മാര്‍ മാത്രമായിരുന്നു രണ്ടക്കം കടന്നത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസല്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ ഹര്‍ഷിത് റാണ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ ചേര്‍ന്നായിരുന്നു ഫൈനലില്‍ ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത്.
Read More :വെങ്കടേഷിന്‍റെ വെടിക്കെട്ടിൽ ചാമ്പ്യൻമാരായി കൊൽക്കത്ത; ഫൈനലിൽ പാറ്റ് കമ്മിൻസിനും കൂട്ടർക്കും കണ്ണീർമടക്കം - IPL 2024 CHAMPIONS KKR