കേരളം

kerala

ETV Bharat / sports

12 വര്‍ഷത്തിനിടെ ആദ്യം, പുറത്താകലില്‍ നിരാശനായി കെയ്‌ൻ വില്യംസണ്‍ ; വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിന് കൂട്ടത്തകര്‍ച്ച - കെയ്‌ൻ വില്യംസണ്‍

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി കെയ്‌ൻ വില്യംസണ്‍. നേരിട്ട രണ്ടാം പന്തില്‍ റണ്‍ഔട്ടായാണ് കിവീസ് നായകൻ മടങ്ങിയത്. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ടെസ്റ്റില്‍ താരം റണ്‍ ഔട്ടാകുന്നത്.

Kane Williamson  Kane Williamson Run Out  NZ vs AUS  കെയ്‌ൻ വില്യംസണ്‍  ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ ടെസ്റ്റ്
Kane Williamson Run Out

By ETV Bharat Kerala Team

Published : Mar 1, 2024, 12:01 PM IST

വെല്ലിങ്ടണ്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ 12 വര്‍ഷത്തിന് ശേഷം ആദ്യമായി റണ്‍ഔട്ടായി ന്യൂസിലന്‍ഡ് ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണ്‍ (Kane Williamson Run Out). ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു താരം നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. മികച്ച ഫോമിലുള്ള താരം നേരിട്ട രണ്ടാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത് (New Zealand vs Australia 1st Test).

12 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ന്യൂസിലന്‍ഡ് നായകൻ ഒരു ടെസ്റ്റ് മത്സരത്തില്‍ റണ്‍ ഔട്ടാകുന്നത്. 2012ല്‍ ആയിരുന്നു താരം ഇങ്ങനെ അവസാനമായി പുറത്തായത്. നേപ്പിയറില്‍ നടന്ന അന്നത്തെ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു വില്യംസണിന്‍റെ റണ്‍ഔട്ട് പുറത്താകല്‍.

വെല്ലിങ്ടണില്‍ നടക്കുന്ന ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റില്‍ കിവീസ് ഇന്നിങ്‌സിന്‍റെ അഞ്ചാം ഓവറിലാണ് വില്യംസണ്‍ പുറത്തായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ മിഡ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിള്‍ എടുക്കാനായിരുന്നു താരത്തിന്‍റെ ശ്രമം. വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിനിടെ സഹതാരം വില്‍ യങ്ങുമായി വില്യംസൺ കൂട്ടിയിടിച്ചു. ഇതിനിടെ പന്ത് കൈക്കലാക്കിയ മാര്‍നസ് ലബുഷെയ്‌ൻ ന്യൂസിലന്‍ഡ് നായകനെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയും ചെയ്‌തു.

അതേസമയം, വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയ 204 റണ്‍സിന്‍റെ വമ്പൻ ലീഡാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 383 റണ്‍സ് നേടി. കാമറൂണ്‍ ഗ്രീനിന്‍റെ 174 റണ്‍സാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മാറ്റ് ഹെൻറി അഞ്ച് വിക്കറ്റാണ് ന്യൂസിലന്‍ഡിനായി സ്വന്തമാക്കിയത്.

തുടര്‍ന്ന്, ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 179 റണ്‍സില്‍ പുറത്താവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്‌സ് മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചുനിന്നത്. 70 പന്തില്‍ 71 റണ്‍സ് നേടിയായിരുന്നു താരം പുറത്തായത്. മാറ്റ് ഹെൻറി 34 പന്തില്‍ 42 റണ്‍സ് നേടി.

Also Read :'അവൻ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യൻ' ; സര്‍ഫറാസ് ഖാനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്ക് വേണ്ടി സ്പിന്നര്‍ നഥാൻ ലിയോണ്‍ നാല് വിക്കറ്റാണ് ഒന്നാം ഇന്നിങ്‌സില്‍ വീഴ്‌ത്തിയത്. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് നേടി (NZ vs AUS First Test 1st Innings Score).

ABOUT THE AUTHOR

...view details