ന്യൂഡൽഹി:പരുക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനും സ്റ്റാര്‍ ബാറ്റര്‍ കെയ്ൻ വില്യംസൺ ഉണ്ടാകില്ല. കഴിഞ്ഞ മാസം ശ്രീലങ്കന്‍ പര്യടനത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഒക്‌ടോബർ 24 മുതല്‍ പൂനെയിലാണ് ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്. നട്ടെല്ലിന് പരിക്കേറ്റതിനാൽ താരത്തിന് ബെംഗളൂരു ടെസ്റ്റും നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിലും കെയ്‌ന്‍ വില്യംസണിനെ ലഭിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു.
വില്യംസണിന് ഇതുവരെ പൂര്‍ണമായും ഭേദമായിട്ടില്ലെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. 'ഞങ്ങൾ കെയ്‌നിനെ നിരീക്ഷിക്കുന്നുണ്ട്. അവൻ ശരിയായ ദിശയിലാണ് നീങ്ങുന്നത്. പക്ഷേ ഇതുവരെ പൂര്‍ണമായിട്ടും ഭേദമായിട്ടില്ല. വരും ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെടുമെന്നും മൂന്നാം ടെസ്റ്റിന് കെയ്‌ന്‍ ലഭ്യമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്വയം തയ്യാറാകാൻ ഞങ്ങൾ അദ്ദേഹത്തിന് കഴിയുന്നത്ര സമയം നൽകും, ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ചരിത്ര വിജയമായിരുന്നു. ആദ്യ ഇന്നിങ്സിലെ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനത്തിന്‍റെ ബലത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. സെഞ്ച്വറി നേടിയ രച്ചിൻ രവീന്ദ്ര വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. രണ്ടാം ഇന്നിങ്സിൽ തിരിച്ചുവരവ് നടത്താൻ ഇന്ത്യൻ ടീം പരമാവധി ശ്രമിച്ചെങ്കിലും ആതിഥേയ ടീമിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.