മുള്‍ട്ടാൻ:ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പൻ ഫോം തുടരുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ടിന് പാകിസ്ഥാനെതിരായ ഒന്നാം മത്സരത്തിലും ഇരട്ട സെഞ്ച്വറി. പാക് ഫീല്‍ഡര്‍മാരുടെ പിഴവ് മുതലെടുത്ത് റണ്‍സ് കണ്ടെത്തിയ റൂട്ട് മുള്‍ട്ടാൻ ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനമായ ഇന്ന് (ഒക്‌ടോബര്‍ 10) ആദ്യ സെഷനിലാണ് 200ലേക്ക് എത്തിയത്. നേരിട്ട 305-ാം പന്തിലായിരുന്നു താരം പാകിസ്ഥാൻ മണ്ണിലെ ആദ്യ ഇരട്ടശതകം പൂര്‍ത്തിയാക്കിയത്.
ഇംഗ്ലണ്ടിനായി റൂട്ടിന്‍റെ ആറാം ഇരട്ട സെഞ്ച്വറിയാണ് ഇത്. നിലവില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ച്വറി നേടിയ രണ്ടാമത്തെ ബാറ്ററാണ് റൂട്ട്. പട്ടികയില്‍ ഇതിഹാസ താരം അലിസ്റ്റര്‍ കുക്കിനെ പിന്നിലാക്കിയ റൂട്ടിന് മുന്നില്‍ ഇനിയുള്ളത് ഏഴ് ഇരട്ടസെഞ്ച്വറിയുള്ള വാള്‍ട്ടര്‍ ഹമ്മോൻഡാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ മിന്നും പ്രകടനത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റായും റൂട്ടിന് മാറാനായി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ റണ്‍വേട്ടയില്‍ വിരാട് കോലിയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥനക്കാരൻ കൂടിയാണ് റൂട്ട്.
പാകിസ്ഥാൻ താരങ്ങളുടെ ഫീല്‍ഡിങ് പിഴവ് മുതലെടുത്തുകൊണ്ടായിരുന്നു റൂട്ട് ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്കോര്‍ 186ല്‍ നില്‍ക്കെ റൂട്ടിനെ പുറത്താക്കാൻ കിട്ടിയ അവസരം പാക് സൂപ്പര്‍ താരം ബാബര്‍ അസം നിലത്തിട്ടിരുന്നു. പിന്നാലെ, ബൗണ്ടറിയടിച്ച് 190ലേക്ക് എത്തിയ റൂട്ട് കരുതലോടെയാണ് ഇരട്ട സെഞ്ച്വറി തികച്ചത്.
അതേസമയം, മുള്‍ട്ടാൻ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥൻ ഒന്നാം ഇന്നിങ്‌സില്‍ 556 റണ്‍സാണ് നേടിയത്. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് വീശുന്ന ഇംഗ്ലണ്ട് 127 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 644 റണ്‍സ് സ്കോര്‍ ചെയ്‌തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ ഇതുവരെ 88 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ടിനായി ജോ റൂട്ടും (255*),ഹാരി ബ്രൂക്കുമാണ് (208 നോട്ട് ഔട്ട്) ക്രീസില്‍.
Also Read :സെഞ്ചുറികളില്‍ റെക്കോര്‍ഡുകള്‍ നേടിയ വിരാട് കോലി ഈ മൂന്ന് ഗ്രൗണ്ടുകളില്‍ മൂന്നക്കം തികച്ചില്ല