ന്യൂഡൽഹി:അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി ബിസിസിഐ മുൻ സെക്രട്ടറി ജയ് ഷാ ചുമതലയേറ്റു. ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരാണ് 36 കാരനായ ജയ് ഷാ. ഗ്രെഗ് ബാർക്ലേയുടെ പകരക്കാരനായാണ് ലോക ക്രിക്കറ്റിന്‍റെ തലപ്പത്തേക്ക് ജയ് ഷാ എത്തുന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയ് ഷാ ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടുമാസത്തോളമായി. ഷാ രണ്ടുതവണയായി ആറുവർഷത്തോളം ബിസിസിഐ സെക്രട്ടറിയായി പ്രവർത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐസിസി ചെയര്‍മാന്‍റെ ശമ്പളം എത്രയാണ്?
ഐസിസിയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് പ്രത്യേക ശമ്പളമില്ല. പകരം അവരുടെ യാത്രകൾ, കൺസൾട്ടൻസി മീറ്റിങ്ങുകൾ മുതലായ അലവൻസുകൾക്കും ചെലവുകൾക്കും ഒരു തുക നൽകുന്നു. ഐസിസിയുമായി ബന്ധപ്പെട്ട മീറ്റിംഗുകളിലും ടൂറുകളിലും പങ്കെടുക്കുമ്പോൾ പ്രതിദിന അലവൻസ്, യാത്ര, ഹോട്ടൽ താമസം എന്നിവ നൽകും.
ഈ തുക സംബന്ധിച്ച് ഐസിസി ഇതുവരെ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. എന്നാൽ ഐസിസിയുടെ അലവൻസുകൾ ബിസിസിഐയുടേതിന് തുല്യമാണെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ബിസിസിഐ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ ശമ്പളം എത്ര?
പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളും ഓണററി തസ്‌തികകളാണ്. നിശ്ചിത ശമ്പളമില്ല. അതോടൊപ്പം അലവൻസുകളും യാത്രാ പാസും മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഉപദേശക യോഗം, പൊതു പരിപാടികൾ എന്നിവയ്‌ക്കായി പ്രത്യേക യാത്രാ ടിക്കറ്റ്, അലവൻസുകൾ എന്നിങ്ങനെ നൽകുന്നു.
1000 ഡോളറാണ് അലവൻസായി ലഭിക്കുന്നത്. അതായത് ഇന്ത്യൻ കറൻസിയിൽ 82000 രൂപ നല്‍കും. ഐസിസി മീറ്റിങ്ങുകൾക്കായോ വിദേശ പര്യടനത്തിനോ ടീം ഇന്ത്യ പോകുമ്പോള്‍ ഫസ്റ്റ് ക്ലാസ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിക്കും. യാത്രയ്ക്കിടയിലുള്ള താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ക്രിക്കറ്റ് ബോർഡാണ് വഹിക്കുക.
Also Read:ഫുട്ബോള്‍ സ്റ്റേഡിയം രക്തക്കളമായി, ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്; നൂറിലധികം മരണം