മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാവാനുള്ള ശ്രമം നിരസിച്ചതായി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് നേരത്തെ അവകാശപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു. തന്‍റെ ജീവിതശൈലിക്ക് ചേരാത്തതിനാലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവാനുള്ള ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകനായ പോണ്ടിങ് പറഞ്ഞത്. ഐസിസി റിവ്യൂവില്‍ സംസാരിക്കവെയായിരുന്നു പോണ്ടിങ്ങിന്‍റെ വാക്കുകള്‍.
എന്നാല്‍ ഇപ്പോഴിതാ ഓസീസ് മുന്‍ ക്യാപ്റ്റന്‍റെ അവകാശവാദം തള്ളി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവുന്നതിനായി ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററേയും സമീപിച്ചിട്ടില്ലെന്നാണ് ജയ് ഷാ പറയുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഘടനയെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ഒരാളെയാവും ദേശീയ ടീമിന്‍റെ ചുമതല ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാവുന്നതിനായി ഞാനോ ബിസിസിഐയോ ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെയും സമീപിച്ചിട്ടില്ല. ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണ്. നമ്മുടെ ദേശീയ ടീമിന് അനുയോജ്യമായ ഒരു പരിശീലകനെ കണ്ടെത്തുക എന്നത് ഏറെ സൂക്ഷ്‌മവും സമഗ്രവുമായ പ്രക്രിയയാണ്.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഘടനയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരെയാണ് ആ ചുമതല ഏല്‍പ്പിക്കുക. അതിനായി ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്"- ജയ് ഷാ പ്രസ്‌താവനയില്‍ വ്യക്തമാക്കി.