ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs England) ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഫെബ്രുവരി 23-ന് റാഞ്ചിയിലും മാര്‍ച്ച് 7-ന് ധര്‍മശാലയിലുമാണ് ഈ മത്സരങ്ങള്‍ നടക്കുക. റാഞ്ചിയില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) കളിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ധര്‍മ്മശാലയിലും 30-കാരന്‍ ഇറങ്ങിയേക്കില്ലെന്നാണ് വിവരം. പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ ഒരു ബിസിസിഐ ഒദ്യോഗസ്ഥാനാണ് ഇക്കാര്യം ഇടിവി ഭാരതിനോട് സ്ഥിരീകരിച്ചിരിക്കുന്നത്.
ജൂണില്‍ ടി20 ലോകകപ്പ് കൂടെ നടക്കാനിരിക്കുന്നത് പരിഗണിച്ച് ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബുംറയ്‌ക്ക് രണ്ട് ടെസ്റ്റുകളിലും വിശ്രമം നല്‍കുന്നത്. നേരത്തെ പലതവണ കളത്തിന് പുറത്തിരിക്കേണ്ടി വന്ന പരിക്കുകള്‍ കണക്കിലെടുത്ത് ബുംറയെ മിതമായി ഉപയോഗിക്കണമെന്ന് ടീം മാനേജ്‌മെന്‍റിന് സെലക്‌ടര്‍മാര്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം ബുംറ തന്‍റെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ചൊവ്വാഴ്ച റാഞ്ചിയിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഐപിഎല്ലാണ് താരങ്ങളെ കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനായാണ് ബുംറ ഐപിഎല്ലില്‍ കളിക്കുന്നത്. താരത്തിന് മതിയായ വിശ്രമം ഉറപ്പുവരുത്തണമെന്ന് ഫ്രാഞ്ചൈസിക്കും ബിസിസിഐ നിര്‍ദേശം നല്‍കിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുമെന്ന് ഉറപ്പാണ്. രണ്ട് പേസര്‍മാരുമായി കളിക്കുകയാണെങ്കില്‍ ആകാശ് ദീപ്, മുകേഷ് കുമാര്‍ എന്നിവര്‍ തമ്മിലാണ് സ്ഥാനത്തിനായി മത്സരമുണ്ടാവുക. രാജ്‌കോട്ട് ടെസ്റ്റില്‍ വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് തന്‍റെ ടീമായ ബംഗാളിനായി രഞ്‌ജിയില്‍ കളിക്കാന്‍ ഇറങ്ങി 10 വിക്കറ്റ് വീഴ്‌ത്തിയാണ് മുകേഷ് കുമാര്‍ തിരികെ എത്തിയിരിക്കുന്നത്. ആകാശ് ദീപിനാവട്ടെ ഇംഗ്ലണ്ട് ലയൺസിനെതിരെ രണ്ട് നാല് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 11 വിക്കറ്റുകൾ വീഴ്‌ത്താന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസവുണ്ട്.
റാഞ്ചിയിലെ സ്‌പിന്‍ പിച്ചാണെങ്കില്‍ നാല് സ്‌പിന്നര്‍മാരുമായി ഇന്ത്യ കളിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും ഇംഗ്ലണ്ടിനെ കറക്കി വീഴ്‌ത്താന്‍ ഇറങ്ങുക. 2012-ൽ നാഗ്പൂരിലായിരുന്നു ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നാല് സ്‌പിന്നര്‍മാര്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന മത്സരത്തില്‍ ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, പ്രഗ്യാൻ ഓജ, പിയൂഷ് ചൗള എന്നിവരായിരുന്നു സ്‌പിന്നര്‍മാരായി കളിക്കാന്‍ ഇറങ്ങിയത്.
അതേസമയം, അഞ്ച് മത്സര പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ആതിഥേയര്‍ തുടര്‍ന്ന് വിശാഖപട്ടണം രാജ്‌കോട്ട് എന്നിവിടങ്ങളില്‍ കളിപിടിച്ചാണ് പരമ്പരയില്‍ മുന്നിലെത്തിയത്. വിശാഖപട്ടണത്ത് 106 റണ്‍സിന് ജയിച്ച ഇന്ത്യ രാജ്‌കോട്ടില്‍ 434 റണ്‍സിന്‍റെ റെക്കോഡ് വിജയമായിരുന്നു സ്വന്തമാക്കിയത്.
ALSO READ: 'കാംബ്ലിയെ ഓര്‍മ്മിപ്പിക്കുന്നു, എന്നാല്‍ ആ ദുരന്തം അവന് സംഭവിക്കില്ല' ; യശസ്വിയെക്കുറിച്ച് ആകാശ് ചോപ്ര