കേരളം

kerala

ETV Bharat / sports

കങ്കാരുപ്പടയെ നെഞ്ചുവിരിച്ച് നേരിട്ടു, തോല്‍വിയിലും തല ഉയര്‍ത്തി ജസ്‌പ്രീത് ബുംറ - JASPRIT BUMRAH IN BGT

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം നിറം മങ്ങിയപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടമാണ് പേസര്‍ ജസ്‌പ്രീത് ബുംറ നടത്തിയത്.

JASPRIT BUMRAH TEST STATS  JASPRIT BUMRAH WICKETS IN AUSTRALIA  AUSTRALIA VS INDIA TEST SERIES  ജസ്‌പ്രീത് ബുംറ
Jasprit Bumrah (ETV Bharat)

By ETV Bharat Kerala Team

Published : Jan 5, 2025, 12:39 PM IST

രു ദശാബ്‌ദത്തിന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കൈവിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയൻ മണ്ണില്‍ ഹാട്രിക്ക് പരമ്പര മോഹവുമായി വന്നിറങ്ങിയ ഇന്ത്യൻ ടീമിന് തല താഴ്‌ത്തിയാണ് മടങ്ങേണ്ടി വന്നിരിക്കുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നേടിയ ജയം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് പരമ്പരയില്‍ ഒരിക്കല്‍ പോലും മികവിലേക്ക് ഉയരാൻ ഇന്ത്യൻ ടീമിനായില്ല.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെല്ലാം നിറം മങ്ങിയ പരമ്പരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ പോരാളിയായി മാറിയത് പേസര്‍ ജസ്‌പ്രീത് ബുംറ മാത്രമായിരുന്നു. ബുംറ കൂടി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഏകപക്ഷീയമായി തന്നെ ആതിഥേയരായ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുമായിരുന്നു.

Jasprit Bumrah (AP)

സിഡ്‌നിയിലെ അഞ്ചാം ടെസ്റ്റില്‍ ഓസീസിനോട് ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 27 ഓവറില്‍ മറികടക്കാൻ കങ്കാരുപ്പടയ്‌ക്കായിരുന്നു. മത്സരശേഷം സോഷ്യല്‍ മീഡിയ മുഴുവൻ ഒരേ സ്വരത്തില്‍ പറയുന്നത് ബുംറ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക് ഈ അവസ്ഥ വരില്ല എന്നായിരുന്നു.

ആ പറയുന്നതില്‍ കാര്യമില്ലാതില്ലെന്ന് വേണം പറയാൻ. കാരണം, ഈ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ബുംറയെ പോലെ 'പണി'യെടുത്ത ഒരു താരം ഇല്ല എന്നുള്ളത് വസ്‌തുതയാണ്.

Jasprit Bumrah (AP)

സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സ് ഒഴികെ മറ്റെല്ലാ ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിയാൻ ജസ്‌പ്രീത് ബുംറയ്ക്കായി. അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്‌സില്‍ നിന്നും 32 വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. ബുംറയൊഴികെ മറ്റാരും പരമ്പരയില്‍ 30 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയില്ലെന്നുള്ളത് ഇന്ത്യൻ പേസറുടെ മികവ് എത്രത്തോളമായിരുന്നുവെന്ന് എടുത്തുകാട്ടുന്നു.

ഹോം കണ്ടീഷൻസ് ആയിരുന്നിട്ടും ഓസ്‌ട്രേലിയൻ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാൻ സാധിക്കാത്ത അത്രയും വിക്കറ്റുകളാണ് അഞ്ച് മത്സരങ്ങളില്‍ നിന്നും ബുംറ എറിഞ്ഞിട്ടത്. 25 വിക്കറ്റെടുത്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് പട്ടികയിലെ രണ്ടാമൻ. സിറാജ് 20 വിക്കറ്റ് നേടിയെങ്കിലും ആ പിന്തുണ മാത്രം പോരുമായിരുന്നില്ല ജസ്‌പ്രീത് ബുംറയെന്ന ഒറ്റയാള്‍ പോരാളിക്ക്.

Jasprit Bumrah (AP)

രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ സ്വന്തം നാട്ടില്‍ ന്യൂസിലൻഡിനോട് തോറ്റ് തുന്നംപാടിയാണ് ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാനായെത്തിയത്. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നിന്നും രോഹിത് വിട്ടുനില്‍ക്കാൻ തീരുമാനിച്ചതോടെ ക്യാപ്‌റ്റൻസി ചുമതലയും ബുംറയുടെ തോളിലേക്ക് വന്നുചേര്‍ന്നിരുന്നു. കിവീസിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ടീമിനെയായിരുന്നില്ല പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആരാധകര്‍ കണ്ടത്.

ജസ്‌പ്രീത് ബുംറയെന്ന നായകന് കീഴില്‍ ശരീര ഭാഷയാകെ മാറിയ ടീം. ജയം മാത്രമായിരുന്നു പെര്‍ത്തില്‍ അവരുടെ ലക്ഷ്യം. ഒന്നാം ഇന്നിങ്‌സില്‍ 150ല്‍ ഓള്‍ഔട്ടായ ഇന്ത്യൻ ടീം ഓസ്‌ട്രേലിയക്കെതിരെ 46 റണ്‍സിന്‍റെ ലീഡും സ്വന്തമാക്കി. ജസ്‌പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു പെര്‍ത്തില്‍ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.

Jasprit Bumrah (AP)

രണ്ടാം ഇന്നിങ്‌സിലും നായകൻ തന്‍റെ പണിയെടുത്തു. ബുംറയുടെ അക്കൗണ്ടിലേക്ക് എത്തിയത് മൂന്ന് വിക്കറ്റുകള്‍. ഇന്ത്യയ്‌ക്ക് 295 റണ്‍സിന്‍റെ വമ്പൻ ജയം സ്വന്തം.

പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ക്യാപ്‌റ്റൻസി ഭാരമൊന്നുമില്ലാതെയാണ് ബുംറ പന്തെറിഞ്ഞത്. ആ കളി കളിലും ഇന്ത്യൻ പേസര്‍ മികവ് തുടര്‍ന്നു. ഒസ്‌ട്രേലിയ അനായാസ ജയം സ്വന്തമാക്കിയ അഡ്‌ലെയ്‌ഡില്‍ നാല് വിക്കറ്റാണ് ബുംറ എറിഞ്ഞിട്ടത്. ബ്രിസ്‌ബേനിലും താരം മികവ് തുടര്‍ന്നു.

ആദ്യ ഇന്നിങ്‌സില്‍ ആറ്, രണ്ടാം ഇന്നിങ്‌സില്‍ മൂന്ന്. മെല്‍ബണിലെ നാലാം ടെസ്റ്റിലും രണ്ട് ഇന്നിങ്‌സില്‍ നിന്നായി 9 വിക്കറ്റ് ബുംറ നേടി. അഞ്ചാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്.

Jasprit Bumrah (AP)

പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനിടെ ബുംറയ്‌ക്ക് ചികിത്സ തേടേണ്ടി വന്നിരുന്നു. സ്‌കാനിങ്ങിനും മറ്റ് ചികിത്സകള്‍ക്കും ശേഷം മടങ്ങിയെത്തിയ ബുംറ ബാറ്റിങ്ങിന് മാത്രമായിരുന്നു പിന്നീട് സിഡ്‌നിയില്‍ ഇറങ്ങിയത്. ഇന്ത്യൻ ടീം നിരാശ മാത്രം സമ്മാനിച്ച പരമ്പരയില്‍ മികവ് കാട്ടിയ ബുംറ പരമ്പരയുടെ താരമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Also Read :സിഡ്‌നിയിലും ഇന്ത്യ അടപടലം!; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയ

ABOUT THE AUTHOR

...view details