ന്യൂയോര്‍ക്ക് :ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ആറ് റണ്‍സിന്‍റെ ആവേശജയം ഇന്ത്യ സ്വന്തമാക്കിയതില്‍ ആരാധകര്‍ ഒന്നടങ്കം കയ്യടിക്കുന്നത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പ്രകടനത്തിനാണ്. 2022ലെ ടി20 ലോകകപ്പില്‍ ബാറ്റുകൊണ്ട് വിരാട് കോലി എന്താണോ ചെയ്‌തത് അതാണ് ഇത്തവണ പന്തുകൊണ്ട് ബുംറ ആവര്‍ത്തിച്ചതെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. ഇന്നലെ, നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റുകളായിരുന്നു ബുംറ പിഴുതെടുത്തത്.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ബുംറയുടെ ബൗളിങ് പ്രകടനം. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാൻ, ഇഫ്‌തിഖര്‍ അഹമ്മദ് എന്നീ മൂന്ന് താരങ്ങളായിരുന്നു ജസ്പ്രീത് ബുംറയുടെ കരുത്തിന് മുന്നില്‍ വീണുപോയത്. കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യയുടെ കയ്യിലേക്ക് തിരികെ എത്തിച്ചതും ബുംറയുടെ ഓവറുകളായിരുന്നു.
120 എന്ന താരതമ്യേന ചെറിയൊരു വിജയലക്ഷ്യത്തിലേക്ക് കരുതലോടെ ബാറ്റ് വീശാനായിരുന്നു പാകിസ്ഥാന്‍റെ ശ്രമം. ബാബര്‍ അസം, മുഹമ്മദ് റിസ്‌വാൻ സഖ്യം പാകിസ്ഥാനായി ശ്രദ്ധയോടെ റണ്‍സ് കണ്ടെത്തി. വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ഇരുവരും പവര്‍പ്ലേ അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ ആരാധകര്‍ പോലും കരുതിയിരുന്ന സമയത്താണ് ആദ്യം ബുംറയുടെ വരവ്.
അഞ്ചാം ഓവറിലെ നാലാം പന്തില്‍ പാക് നായകൻ ബാബര്‍ അസമിനെ തന്നെ ബുംറ തൂക്കി. 140 കിലോ മീറ്ററിന് മുകളില്‍ വേഗതയില്‍ എത്തിയ പന്ത് ലീവ് ചെയ്യുന്നതിന് മുന്‍പ് തന്നെ ബാബറിന്‍റെ ബാറ്റില്‍ തട്ടി സ്ലിപ്പില്‍ ഉണ്ടായിരുന്ന സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലേക്ക്. പിന്നീട്, 15-ാം ഓവറിലാണ് ബുംറയ്ക്ക് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ പന്ത് ഏല്‍പ്പിക്കുന്നത്.