മുംബൈ:സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാൻ കിഷൻ. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗമായിരുന്ന താരം ഇന്ത്യയ്‌ക്ക് വേണ്ടി അവസാനമായി ഒരു മത്സരം കളിക്കാനിറങ്ങിയിട്ട് നിലവില്‍ എട്ട് മാസം പിന്നിട്ടിരിക്കുകയാണ്. ഏകദിന ലോകകപ്പിന് ശേഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇഷാൻ കിഷൻ അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്.
ഇതിന് പിന്നാലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി താരം പരമ്പരയില്‍ നിന്നും ഒഴിവാകുകയായിരുന്നു. പിന്നാലെ, രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാനും ഇഷാൻ കിഷൻ തയ്യാറായിരുന്നില്ല. ഇതോടെ, സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് ലിസ്റ്റില്‍ നിന്നുള്‍പ്പടെ താരത്തെ ബിസിസിഐ ഒഴിവാക്കി.
പിന്നാലെ, ആഭ്യന്തര മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമെ ഇഷാൻ കിഷനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുകയുള്ളൂവെന്ന് മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. എന്നാല്‍, താരം രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാൻ തയ്യാറാകാതിരുന്നത് വ്യപക വിമര്‍ശനത്തിനാണ് വഴിയൊരുക്കിയത്. അന്ന് ആഭ്യന്തര മത്സരങ്ങള്‍ കളിക്കാൻ തയ്യാറാകാതിരുന്നതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ 25കാരനായ താരം.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത സാഹചര്യത്തില്‍ താൻ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നാണ് ഇഷാൻ കിഷൻ പറയുന്നത്. ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇഷാൻ കിഷൻ പറയുന്നതിങ്ങനെ...