ജംഷഡ്‌പുര്‍:രഞ്ജി ട്രോഫിയിലും (Ranji Trophy) യുവതാരം ഇഷാന്‍ കിഷന്‍റെ (Ishan Kishan) അഭാവം തുടരുന്നു. ഇന്ന് രാജസ്ഥാനെതിരെ ആരംഭിച്ച അവസാന റൗണ്ട് മത്സരത്തിലും ജാര്‍ഖണ്ഡ് പ്ലേയിങ് ഇലവനില്‍ താരം സ്ഥാനം പിടിച്ചിട്ടില്ല (Jharkhand vs Rajasthan Ranji Trophy). ഇഷാന്‍ കിഷന്‍റെ അഭാവത്തില്‍ കുമാര്‍ കുശാഗ്രയാണ് (Kumar Kushagra) മത്സരത്തില്‍ ജാര്‍ഖണ്ഡിനായി വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിയുന്നത്.
സെന്‍ട്രല്‍ കോണ്‍ട്രാക്‌ടിലുള്ള താരങ്ങള്‍ ദേശീയ ടീമിനൊപ്പമോ പരിക്കിലോ അല്ലെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങളില്‍ നിര്‍ബന്ധമായും കളിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസമാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ (Jay Shah) നല്‍കിയത്. താരങ്ങളെയെല്ലാം ഈ വിവരം ഫോണിലൂടെ അറിയിച്ചിരുന്നെന്നും നേരത്തെ ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം അവഗണിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.
രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ ജാര്‍ഖണ്ഡിനായി ഒരൊറ്റ മത്സരം പോലും കളിക്കാന്‍ ഇഷാൻ കിഷൻ തയ്യാറായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ ശേഷമായിരുന്നു താരം രഞ്ജി ട്രോഫിയിലും കളിക്കാതിരുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ടീമില്‍ നിന്നും പിന്മാറിയതിന് പിന്നാലെ പിന്നീട് നടന്ന അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കും താരത്തെ ബിസിസിഐ പരിഗണിച്ചിരുന്നില്ല.