ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വലയുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും ടീം തോല്‍വി വഴങ്ങി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനോട് അവരുടെ തട്ടകമായ ജയ്‌പൂരില്‍ വച്ച് ആറ് വിക്കറ്റുകള്‍ക്കായിരുന്നു ആര്‍സിബിയുടെ കീഴടങ്ങല്‍.
സീസണില്‍ ടീമിന്‍റെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ഇപ്പോഴിതാ ആര്‍സിബി തോല്‍ക്കുന്നതിന്‍റെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടിയാവുന്നതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
170-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന രണ്ട് ബാറ്റര്‍മാര്‍ ആര്‍സിബി നിരയിലുണ്ട്. എന്നാല്‍ ഒരു വിക്കറ്റ് ടേക്കര്‍ ബോളര്‍ പോലും ടീമിനില്ല. ഇങ്ങനെയാണെങ്കില്‍ അവര്‍ എങ്ങനെയാണ് മത്സരം വിജയിക്കുക എന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ ചോദിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന് പിന്നാലെ തന്‍റെ എക്‌സ് അക്കൗണ്ടിലാണ് ഇര്‍ഫാന്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടത്.
മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ ജയിച്ച് കയറിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സായിരുന്നു നേടിയിരുന്നത്. വിരാട് കോലിയുടെ സെഞ്ചുറി പ്രകടനമാണ് ടീമിനെ തുണച്ചത്. 72 പന്തില്‍ പുറത്താവാതെ 113 റണ്‍സായിരുന്നു കോലി നേടിയത്.