ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ)2025 ലെ താര ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്‌സിന്‍റെ ഉടമകൾ തമ്മില്‍ തര്‍ക്കം. കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റ് സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍റ ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ മോഹിത് ബർമനെതിരെ കോടതിയിൽ.
ഫ്രാഞ്ചൈസി സഹ ഉടമ മോഹിത് ബർമൻ തന്‍റെ 11.5 ശതമാനം ഓഹരി മറ്റൊരാൾക്ക് വിൽക്കുന്നുവെന്നും അത് നിരോധിക്കണമെന്നുമാണ് ഹർജിയിൽ പ്രീതി സിന്‍റ ആവശ്യപ്പെട്ടത്. ഹര്‍ജി ഓഗസ്റ്റ് 20ന് അഡീഷണൽ സെഷൻസ് കോടതിയിൽ പരിഗണിക്കും. പഞ്ചാബ് കിങ്‌സിൽ ബർമന് 48 ശതമാനം ഓഹരിയും പ്രീതി സിന്‍റയ്‌ക്കും നെസ് വാഡിയക്കും 23-23 ശതമാനം ഓഹരിയാണുള്ളത്. ബാക്കിയുള്ളവ നാലാമത്തെ സഹയുടമയായ കരൺ പാലിന്‍റെ പക്കലാണ്.
എന്നാൽ ഫ്രാഞ്ചൈസിയുടെ പങ്കാളികൾക്കിടയിൽ ഉടമ്പടിയുണ്ട്. ഷെയറുകൾ ആദ്യം നിലവിലുള്ള പങ്കാളികൾക്ക് നൽകണം. തന്‍റെ 11.5 ശതമാനം ഓഹരി മറ്റേതെങ്കിലും പാർട്ടിക്ക് വിൽക്കുമെന്ന് മോഹിത് ബർമൻ പറയുന്നുണ്ടെന്നും അതിനാൽ ഈ ഓഹരികൾ വിൽക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതായും പ്രീതി സിന്‍റ ഹർജിയിൽ പറയുന്നു. മറുപടി നൽകാൻ ബർമന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.