മുംബൈ:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഒരു റണ്ണിന്‍റെ ഹൃദയഭേദകമായ തോൽവിക്ക് പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് കനത്ത നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്കും കനത്ത പിഴ.
മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ബെംഗളൂരു ക്യാപ്റ്റന് ബിസിസിഐ പിഴ വിധിച്ച്. 12 ലക്ഷം രൂപയാണ് ഡുപ്ലെസിസ് പിഴയൊടുക്കേണ്ടത്. ആദ്യ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സീസണില്‍ ലഭിക്കുന്ന ആദ്യ പിഴയായതിനാലാണ് തുക 12 ലക്ഷത്തില്‍ ഒതുങ്ങിയത്.
കുറ്റം ആവര്‍ത്തിച്ചാല്‍ വിലക്കുള്‍പ്പെടെ ക്യാപ്റ്റന് നേരിടേണ്ടി വരും. മത്സരത്തില്‍ അമ്പയറുടെ തീരുമാനം അംഗീകരിക്കാതിരുന്ന നടപടിക്കാണ് വിരാട് കോലിയെ ബിസിസിഐ ശിക്ഷിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 50 ശതമാനമാണ് കോലി പിഴയൊടുക്കേണ്ടത്.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 പ്രകാരമുള്ള ലെവൽ 1 കുറ്റമാണ് വിരാട് കോലി ചെയ്തിരിക്കുന്നത്. അമ്പയറുടെ തീരുമാനത്തെ എതിര്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്ന കുറ്റമാണ് ലെവൽ 1-ല്‍ വരുന്നത്. കോലി കുറ്റം സമ്മതിച്ചതായി അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
മത്സരത്തില്‍ പുറത്തായതിന് ശേഷം അമ്പയറോട് തര്‍ക്കിച്ചതിന് ശേഷമായിരുന്നു വിരാട് കോലി തിരികെ കയറിയത്. കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിന്‍റെ ആദ്യ പന്തിലായിരുന്നു താരം ഔട്ടാവുന്നത്. റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വച്ച കോലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ താരം തന്നെ കയ്യിലൊതുക്കുകയായിരുന്നു.
അരയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന പന്ത് നോ-ബോള്‍ ആയേക്കുമെന്ന ധാരണയില്‍ കോലി റിവ്യൂ നല്‍കിയിരുന്നു. താരം ക്രീസിന് പുറത്താണെന്നും സ്ലോ ബോള്‍ ആയതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ടെന്നും മനസിലാക്കിയ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. ഇതു അംഗീകരിക്കാതെയായിരുന്നു 35-കാരന്‍ അമ്പയറോട് തര്‍ക്കിച്ചത്.
ALSO READ:'ബോളര്‍മാരാണ് കഷ്‌ടപ്പെടുന്നത്; ബൗണ്ടറി ലൈനിന്‍റെ നീളം കൂട്ടണം' - Sunil Gavaskar On IPL 2024
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറനും ബിസിസിഐ കനത്ത പിഴ നല്‍കിയിട്ടുണ്ട്. മാച്ച് ഫീയുടെ 50 ശതമാനമാണ് കറന്‍ പിഴയായി ഒടുക്കേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തെ എതിര്‍ത്ത കുറ്റത്തിനാണ് സാം കറന് പിഴയിട്ടത്. സാം കറനും കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.