ഹൈദരാബാദ്:ഐപിഎല്ലില്‍ ആദ്യ വിജയം തേടി മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീല് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പിച്ച് മികച്ചതാണെന്ന് തോന്നുന്നതായി ഹാര്‍ദിക് പറഞ്ഞു. വ്യക്തമായ ആസൂത്രണങ്ങളില്ലാതിരുന്നതാണ് കഴിഞ്ഞ മത്സരത്തില്‍ തിരിച്ചടിയായത്. എന്നാല്‍ ഇതടക്കം ഇനി 13 മത്സരങ്ങള്‍ ബാക്കിയുണ്ട്. കാര്യങ്ങള്‍ ശരിയായ ചെയ്‌തുകൊണ്ടേയിരിക്കണം. പോസിറ്റീവാണ് കളത്തിലേക്ക് എത്തുന്നത്. വെല്ലുവിളികൾക്കായി കാത്തിരിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ടെന്നും ഹാര്‍ദിക് അറിയിച്ചു. ലൂക്ക് വൂഡിനാണ് സ്ഥാനം നഷ്‌ടമായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കൗമാര താരം ക്വേന മഫാകയ്‌ക്കാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. മുംബൈക്കായി മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ 200-ാം മത്സരം കൂടിയാണിത്.
ഹൈദരാബാദ് നിരയിലും കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു. മാര്‍ക്കോ ജാന്‍സന്‍, ടി നടരാജന്‍ എന്നിവര്‍ പുറത്തായപ്പോള്‍ പകരക്കാരായി ട്രാവിസ് ഹെഡും ജയ്‌ദേവ് ഉനദ്‌ഘട്ടും ടീമിലെത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): ട്രാവിസ് ഹെഡ്, മായങ്ക് അഗർവാൾ, അഭിഷേക് ശർമ, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസെൻ(വിക്കറ്റ് കീപ്പര്‍), അബ്ദുൾ സമദ്, ഷഹ്‌ബാസ് അഹമ്മദ്, പാറ്റ് കമ്മിൻസ്(ക്യാപ്റ്റന്‍), ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ജയദേവ് ഉനദ്‌ഘട്ട്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാൾഡ് കോറ്റ്‌സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.
സീസണ്‍ ഓപ്പണറില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമായിരുന്നു തോറ്റത്. ഇതോടെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
ALSO READ: ശുഭ്‌മാന്‍ ഗില്ലിന്‍റെ ചെവിക്ക് പിടിച്ച് അധികൃതര്‍; പിഴയിട്ടത് ലക്ഷങ്ങള്‍ - Shubman Gill Fined
നേരത്തെ പരസ്‌പരം പോരടിച്ചപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മേല്‍ മുംബൈ ഇന്ത്യന്‍സിന് നേരിയ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ 21 മത്സങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 12 മത്സരങ്ങളില്‍ മുംബൈ വിജയിച്ചപ്പോള്‍ 9 എണ്ണമാണ് ഹൈദരാബാദിനൊപ്പം നിന്നത്.