ഹൈദരാബാദ്:മുംബൈ ഇന്ത്യൻസ് നിരയിലെ രണ്ടുപേർ മറക്കാനാഗ്രഹിക്കുന്ന രാത്രിയാണിത്. മുംബൈക്കായി അരങ്ങേറിയ 17 കാരൻ പേസര്‍ ക്വേന മഫാകയും ( Kwena Maphaka) മുംബൈ ഇന്ത്യന്‍സിനായി 200-ാം മത്സരം കളിച്ച രോഹിത് ശര്‍മയും. മുംബൈ ഇന്ത്യൻസ് ടീമിനെ ചുരുട്ടിക്കൂട്ടി അഴിഞ്ഞാടുകയായിരുന്നു ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സൺ റെസേഴ്സ് ഹൈദരാബാദ്.
റെക്കോർഡുകൾ കടപുഴക്കി ഐപിഎൽ റൺ വേട്ടയിൽ പുതു ചരിത്രം എഴുതിച്ചേർത്തു സൺ റൈസേഴ്സ് ഹൈദരാബാദ്.ഏതെങ്കിലുമൊരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഇനി അവർക്ക് സ്വന്തം.മുംബൈ ഇന്ത്യൻസിനെതിരെ നിശ്ചിത 20 ഓവറിൽ സൺ റൈസേഴ്സ് അടിച്ചു കൂട്ടിയത് 3 വിക്കറ്റ് നഷടത്തിൽ 277 റൺസാണ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിൻ്റെ പോരാട്ടം ഇരുപത് ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിലൊതുങ്ങി. ഇത്തവണത്തെ ഐ പി എല്ലിൽ ആദ്യവിജയം തേടിയിറങ്ങിയ സൺ റൈസേഴ്സിന് 31 റൺസിൻ്റെ ആധികാരിക ജയം.അഭിഷേക് ശർമ കളിയിലെ താരമായി.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് താരങ്ങൾമുംബൈ ഇന്ത്യൻസ് ബൌളർമാരെ നിഷ്കരുണം കൈകാര്യം ചെയ്തു. ഹെയ്ൻറിച്ച് ക്ലാസനാണ് റൺ വേട്ടയിൽ മുന്നിൽ നിന്നത്.26 പന്തിൽ നിന്ന് 63 റൺസെടുത്ത അഭിഷേക് ശർമയും 24 പന്തിൽ നിന്ന് 62 റൺസെടുത്ത ട്രാവിസ് ഹെഡ്സും ബൌളർമാരോട് കരുണയേതും കാട്ടിയില്ല.ഇരുവരും നൽകിയ അടിത്തറയിൽ നിന്നാണ് ക്ലാസൺ ആഞ്ഞടിച്ചത്.34 പന്തിൽ നിന്ന്80 റൺസായിരുന്നു ക്ലാസൻ്റെ നേട്ടം.ഈ ഐ പി എല്ലിലെ ആദ്യ മൽസരം കളിച്ച ട്രാവിസ് ഹെഡിൻറെ പ്രകടനവും അതി ഗംഭിരമായിരുന്നു. 2013 ൽ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് പൂനെ വാരിയേഴ്സിനെതിരെ നേടിയ 5 ന് 263 റൺസായിരുന്നു ഇതുവരെ ഐ പി എല്ലിലെ ഉയർന്ന ടീം ടോട്ടൽ.മായാങ്ക് അഗർവാൾ മാത്രമാണ് ഹൈദരാബാദ് നിരയിൽ തിളങ്ങാൻ കഴിയാതെ പോയ ബാറ്റർ.ഒരു പരിധി വരെയെങ്കിലും ഹൈദരാബാദ് ബാറ്റർമാരുടെ കടന്നാക്രമണം ചെറുക്കാനായത് ജസ്പ്രീത് ബുംറയ്ക്കായിരുന്നു. ഹാർദിക് പാണ്ഡ്യയടക്കമുള്ള മറ്റ് അഞ്ച് ബൌളർമാരും കണക്കറ്റ് പ്രഹരം ഏറ്റു വാങ്ങി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി ഇത്തവണ മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറിയ പതിനേഴുകാരൻ ക്വേന മഫാക സൺ റൈസേഴ്സ് ബാറ്റർമാരുടെ ഇരയാവുകയായിരുന്നു. നാല് ഓവറിൽ 66 റൺസ് വഴങ്ങിയ മഫാകയ്ക്ക് ആദ്യ ഐപിഎൽ സുഖകരമായ ഓർമയാകില്ല.