കേരളം

kerala

ETV Bharat / sports

മോശമായാല്‍ ഇനി ഗംഭീറിനെ കുറ്റം പറയുമോ?; റസലിനെ വിലയിരുത്താന്‍ ആയിട്ടില്ലെന്ന് ഗവാസ്‌കര്‍ - IPL 2024

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആന്ദ്രെ റസല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തതായി സുനില്‍ ഗവാസ്‌കര്‍.

SUNIL GAVASKAR  ANDRE RUSSELL  KKR VS SRH  Gautam Gambhir
IPL 2024 Sunil Gavaskar on Andre Russell Show in KKR vs SRH match

By ETV Bharat Kerala Team

Published : Mar 24, 2024, 2:27 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ (IPL 2024) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (Sunrisers Hyderabad) മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) വിജയത്തില്‍ പ്രധാനിയായത് വെസ്റ്റ് ഇന്‍ഡീസ് താരം ആന്ദ്രെ റസലിന്‍റെ (Andre Russell) പൊളിപ്പന്‍ പ്രകടനമാണ്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ താരം രണ്ട് വിക്കറ്റുകളുമായി തിളങ്ങുകയും ചെയ്‌തു. 105ന് അഞ്ച് എന്ന നിലയില്‍ കൊല്‍ക്കത്ത ബാറ്റിങ് തകര്‍ച്ച നേരിടുമ്പോള്‍ 13-ാം ഓവറിലാണ് റസല്‍ ക്രീസിലേക്ക് എത്തുന്നത്.

പിന്നീട് ഹൈദരാബാദ് ബോളര്‍മാരെ താരം നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 25 പന്തുകളില്‍ പുറത്താവാതെ 64 റണ്‍സായിരുന്നു വിന്‍ഡീസ് വെറ്ററന്‍ അടിച്ച് കൂട്ടിയത്. മൂന്ന് ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്തയ്‌ക്കായി 14 മത്സരങ്ങളിലും കളിച്ചിരുന്നെങ്കിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വെറും 222 റൺസ് മാത്രമാണ് റസല്‍ നേടിയിരുന്നത്.

ഇതോടെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ റസലിന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് കൊല്‍ക്കത്തയുടെ പുതിയ മെന്‍റര്‍ ഗൗതം ഗംഭീറിന് (Gautam Gambhir) അവകാശപ്പെട്ടതാണെന്ന ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഒരു മത്സരം കൊണ്ട് മാത്രം റസലിനെ വിലയിരുത്താന്‍ കഴിയില്ല.

വരും മത്സരങ്ങളില്‍ താരം നിറമങ്ങിയാല്‍ അതിന് ഗംഭീറിനെ കുറ്റം പറയാന്‍ കഴിയുമോയെന്നുമാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്. "ഹൈദരാബാദിനെതിരെ മികച്ച രീതിയിലാണ് റസല്‍ ബാറ്റ് ചെയ്‌തത്. അതിന് പിന്നില്‍ കൊല്‍ക്കത്തയിലേക്ക് പുതിയ ആരെങ്കിലും വന്നതുമായി യാതൊരു ബന്ധവുമില്ല. അടുത്ത ഇന്നിംഗ്‌സുകളിൽ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ നിങ്ങള്‍ ഗൗതം ഗംഭീറിനെ കുറ്റപ്പെടുത്തുമോ?. കാര്യങ്ങള്‍ നമുക്ക് കുറച്ചുകൂടി ലളിതമായി തന്നെ എടുക്കാം. ഇതുകൊണ്ട് മാത്രം റസലിനെ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: 'ഐപിഎല്‍ ഇച്ചിരി മുറ്റാണല്ലോടേയ്...!' ആദ്യ കളിയില്‍ അടി വാങ്ങി കൂട്ടി മിച്ചല്‍ സ്റ്റാര്‍ക്ക്; 24 കോടിയുടെ മുതലിന് 'ട്രോള്‍ മഴ' - IPL 2024

അതേസമയം മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു കൊല്‍ക്കത്ത വിജയം നേടിയത്. നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റിന് 208 റണ്‍സായിരുന്നു കൊല്‍ക്കത്ത അടിച്ച് കൂട്ടിയത്. റസലിനെ കൂടാതെ ഫില്‍ സാള്‍ട്ട് (40 പന്തില്‍ 54), രമണ്‍ദീപ് സിങ് (17 പന്തില്‍ 35) എന്നിവരും തിളങ്ങി. മറുപടിക്ക് ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. ഹെന്‍റിച്ച് ക്ലാസന്‍ (29 പന്തില്‍ 63), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 32), അഭിഷേക് ശര്‍മ (19 പന്തില്‍ 32) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details