കൊല്‍ക്കത്ത:ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (IPL 2024) പുതിയ സീസണിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) പവർ ഹിറ്റര്‍ റിങ്കു സിങ് (Rinku Singh). താരത്തിന്‍റെ ബാറ്റില്‍ രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്ത ടീമിന് വമ്പന്‍ പ്രതീക്ഷയാണുള്ളത്. ഇതിനിടെ റിങ്കു ചെയ്‌ത ഒരു പ്രവര്‍ത്തിക്ക് ആരാധകര്‍ തികഞ്ഞ കയ്യടി നല്‍കുകയാണ്.
കൊല്‍ക്കത്തയുടെ പരിശീലന ക്യാമ്പില്‍ തന്‍റെ മികവിന് മാറ്റുകൂട്ടുന്നതിനിടെ റിങ്കു പറത്തിയ സിക്‌സര്‍ ചെന്നുപതിച്ചത് ഒരു കൗമാര ക്രിക്കറ്റ് താരത്തിന്‍റെ തലയിലാണ്. ഇതോടെ പരിശീലനം അവസാനിപ്പിച്ച് കുട്ടിയുടെ അടുത്തെത്തി മാപ്പുപറയുന്ന റിങ്കുവിന്‍റെ വീഡിയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. റിങ്കുവിനൊപ്പമുണ്ടായിരുന്ന കൊല്‍ക്കത്തയുടെ ബാറ്റിങ് പരിശീലകന്‍ അഭിഷേക് നായർ കുട്ടിക്ക് തന്‍റെ തൊപ്പി നല്‍കുന്നുണ്ട്.
ഇതില്‍ ഒപ്പിട്ട് നല്‍കാനുള്ള കുട്ടിയുടെ ആവശ്യം സന്തോഷത്തോടെ തന്നെ നിറവേറ്റുന്ന റിങ്കുവിനെയാണ് വീഡിയോയിയില്‍ കാണാന്‍ കഴിയുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ റോളുറപ്പിക്കാന്‍ 26-കാരന് കഴിഞ്ഞിട്ടുണ്ട്. ഇനി ഐപിഎല്ലിലും തിളങ്ങിയാല്‍ ടി20 ലോകകപ്പ് (T20 World Cup 2024) സ്‌ക്വാഡിലെ റിങ്കുവിന്‍റെ സ്ഥാനം ചെയ്യുക മറ്റാരാള്‍ക്കും അത്ര എളുപ്പമാവില്ല. കഴിഞ്ഞ സീസണില്‍ മിന്നും ഫോമിലായിരുന്നു റിങ്കു കളിച്ചത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ താരത്തിന്‍റെ പ്രകടനം ക്രിക്കറ്റ് ലോകം അത്ര എളുപ്പത്തില്‍ മറക്കാന്‍ ഇടയില്ല. അവസാന അഞ്ച് പന്തുകളില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയത്തിനായി 28 റണ്‍സ് വേണ്ടിയിരുന്ന മത്സരമായിരുന്നുവത്. ഗുജറാത്ത് പേസര്‍ യാഷ് ദയാലിന്‍റെ അഞ്ച് പന്തുകളും സിക്‌സറിന് പറത്തിക്കൊണ്ട് റിങ്കു സൂപ്പര്‍മാനായി മാറുന്ന അവിശ്വസനീയ കാഴ്‌ചയ്‌ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. താരത്തിന്‍റെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ പ്രകടനമായിരുന്നുവിത്.