ന്യൂഡല്‍ഹി: കളിക്കളത്തിലേക്കുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ച് വരവിനായാണ് ആരാധക ലോകം കാത്തിരിക്കുന്നത്. 2022 ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുകയായിരുന്ന പന്ത് നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിലൂടെ (ഐപിഎല്‍ 2024, IPL 2024) താരം കളത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ താരത്തിന്‍റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ (Delhi Capitals) ഭാഗത്ത് നിന്നും ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാക്കുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ് പങ്കുവച്ചിരിക്കുന്നത്. ഐപിഎൽ 2024 -ലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് പന്തുള്ളതെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്.
തിരിച്ചുവരവില്‍ പന്ത് ടീമിന്‍റെ കീപ്പർ ആകുമോ എന്ന് തനിക്ക് ഇപ്പോഴും ഉറപ്പില്ലെന്നും റിക്കി പോണ്ടിങ് പറഞ്ഞു. യുഎസ്എയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം സീസണിൽ വാഷിങ്‌ടൺ ഫ്രീഡത്തിന്‍റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മെൽബണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച പോണ്ടിങ്ങിന്‍റെ വാക്കുകള്‍ ഇങ്ങിനെ.....
"ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മുഴുവന്‍ മത്സരങ്ങളും കളിക്കാനാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് റിഷഭ് പന്തുള്ളത്. പന്തിന്‍റെ വിവരങ്ങളെല്ലാം നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞിരിക്കും. അവന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാൽ ഐപിഎല്ലിലെ ആദ്യ മത്സരത്തിന് ഇനി ആറാഴ്ച മാത്രമാണുള്ളത്. ഈ വർഷം അവന് വിക്കറ്റ് കീപ്പറാവാന്‍ കഴിയുമോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോള്‍ അവനോട് ചോദിക്കുകയാണെങ്കില്‍ 'എല്ലാ മത്സരങ്ങളും കളിക്കുന്നുണ്ടെന്നും വിക്കറ്റ് കീപ്പിങ്ങിന് തയ്യാറാണെന്നും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുന്നുണ്ടെന്നും ആയിരിക്കും' അവന്‍ പറയുകയെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയും.