ഹൈദരാബാദ്:ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പില്‍ ചാമ്പ്യന്മാരായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). എന്നാല്‍ ടീമിന് മറ്റൊരു കിരീടം പിന്നീട് നേടാനായിട്ടില്ല. നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യം വച്ചാണ് മലയാളി താരം സഞ്‌ജു സാംസണിന്‍റെ (Sanju Samson) നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐപിഎല്ലിന് എത്തുന്നത്.
കഴിഞ്ഞ സീസണില്‍ മിന്നും തുടക്കം ലഭിച്ചുവെങ്കിലും നിര്‍ണായക സമയത്ത് നിറം മങ്ങിയ രാജസ്ഥാന് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇത്തവണ (IPL 2024) പുത്തന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്ന സഞ്ജുപ്പടയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.
രാജസ്ഥാന്‍റെ കരുത്ത്: ബാറ്റിങ് നിരയാണ് രാജസ്ഥാന്‍റെ പ്രധാന കരുത്ത്. യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്‌ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, റോവ്‌മാന്‍ പവല്‍, റിയാന്‍ പരാഗ് എന്നിവര്‍ എന്തിനും പോന്നവരാണ്. കഴിഞ്ഞ സീസണിലേതുപോലെ ഓപ്പണിങ്ങില്‍ യശസ്വിയും ബട്‌ലറും നല്‍കുന്ന മിന്നും തുടക്കം തന്നെയാവും രാജസ്ഥാന്‍റെ കുതിപ്പിന്‍റെ പ്രധാന ഇന്ധനം.
നിലവിലെ യശസ്വിയുടെ (Yashasvi Jaiswal) ഫോം രാജസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച ടെസ്റ്റ് പരമ്പരിയില്‍ റെക്കോഡ് റണ്‍വേട്ട നടത്തിയാണ് 22-കാരനായ യശസ്വി ഐപിഎല്ലിനെത്തുന്നത്.
മികച്ച സ്‌പിന്‍ യൂണിറ്റ്:ടീമിന്‍റെ സ്‌പിന്‍ യൂണിറ്റിന്‍റെ മികവും എടുത്തുപറയേണ്ടതാണ്. ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ആദം സംപ എന്നിവരുടെ സാന്നിധ്യമാണ് രാജസ്ഥാന്‍റെ സ്‌പിന്‍ യൂണിറ്റിനെ മികവുറ്റതാക്കുന്നത്. ടി20 ഫോര്‍മാറ്റിലും പേരുകേട്ട ഏതൊരു ബാറ്റിങ് നിരയേയും കടപുഴക്കാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് ഇതിനകം തന്നെ നിരവധി തവണ ഈ മൂവര്‍ സംഘം തെളിയിച്ചിട്ടുണ്ട്.
മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ ഇവരുടെ പങ്ക് രാജസ്ഥാന് നിര്‍ണായകമാവും. ഡെത്ത് ഓവറുകളില്‍ പോലും എതിരാളികളെ പിടിച്ചുകെട്ടാനുള്ള മികവും ഇവര്‍ക്കുണ്ട്.
പേസര്‍മാര്‍ തിളങ്ങണം: ടീമിന്‍റെ ദൗര്‍ബല്യം എക്കണോമിക്കല്‍ ഇന്ത്യന്‍ പേസര്‍മാരുടെ അഭാവമാണ്. ട്രെന്‍റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍ എന്നീ ക്വാളിറ്റി വിദേശ പേസര്‍മാര്‍ ടീമിലുണ്ട്. ബോള്‍ട്ടിന്‍റെ അനുഭവ സമ്പത്ത് രാജസ്ഥാന് മുതല്‍ക്കൂട്ടാണ്.
രാജ്യാന്തര തലത്തില്‍ കഴിവ് തെളിയിച്ച നന്ദ്രെ ബർഗറും മികവുള്ള താരമാണ്. എന്നാല്‍ വിദേശ താരങ്ങളുടെ എണ്ണത്തിലെ നിയന്ത്രണം കാരണം ഈ രണ്ടുപേരില്‍ ഒരാളെ മാത്രമേ രാജസ്ഥാന് ഒരു സമയം പ്ലേയിങ് ഇലവനില്‍ ഇറക്കാന്‍ കഴിയൂ.
പരിക്കേറ്റ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് സീസണ്‍ നഷ്‌ടമായതിനാല്‍ ആവേഷ് ഖാൻ, നവ്ദീപ് സൈനി, കുൽദീപ് സെന്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ നിന്നുള്ള ടീമിന്‍റെ പ്രധാന പേസര്‍മാര്‍. വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാറുണ്ടെങ്കിലും വിവിധ ഘട്ടങ്ങളില്‍ ഏറെ റണ്‍സ് വഴങ്ങിയ ചരിത്രം ഇവരില്‍ ഓരോര്‍ത്തക്കുമുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ടീമിന്‍റെ പ്രധാന തലവേദനയായി ഇതു മാറും.