കേരളം

kerala

ETV Bharat / sports

സാംപയ്‌ക്ക് പകരം മുംബൈയുടെ രഞ്‌ജി ഹീറോയെ റാഞ്ചി രാജസ്ഥാന്‍ - IPL 2024

ഓസീസ്‌ സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരക്കാരനായി ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി കളിക്കുന്ന തനുഷ് കോട്ടിയാനെ സ്‌ക്വാഡില്‍ ചേര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്.

RAJASTHAN ROYALS  ADAM ZAMPA  TANUSH KOTIAN  SANJU SAMSON
IPL 2024 Rajasthan Royals replace Adam Zampa with Tanush Kotian

By ETV Bharat Kerala Team

Published : Mar 22, 2024, 4:53 PM IST

ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) 17-ാം സീസണില്‍ നിന്നും പിന്മാറിയ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയുടെ ( Adam Zampa) പകരക്കാരനെ പ്രഖ്യാപിച്ച് മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). രഞ്ജി ട്രോഫിയുടെ (Rajasthan Royals) കഴിഞ്ഞ പതിപ്പില്‍ മുംബൈയുടെ ഹീറോയായ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെയാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്‌ക്വാഡിലേക്ക് എത്തിച്ചിരിക്കുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് തനുഷിനെ (Tanush Kotian) ടീം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയ സാംപയെ പുതിയ സീസണിനായി 1.5 കോടിയ്‌ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ 31-കാരന്‍ പിന്മാറുകയായിരുന്നു. ഐപിഎല്ലിന് തൊട്ടുപിന്നാലെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് (T20 World Cup 2023) മുന്നില്‍ കണ്ടുകൊണ്ടാണ് ഓസീസ് സ്‌പിന്നറുടെ പിന്മാറ്റമെന്നാണ് വിവരം.

മുംബൈയുടെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് 25-കാരനായ തനുഷ് കോട്ടിയാന്‍. ടീമിനായി കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. പിന്നാലെ നടന്ന രഞ്ജി ട്രോഫിയില്‍ തനുഷ് മിന്നിത്തിളങ്ങി. 10 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകളും 502 റണ്‍സുമായിരുന്നു താരം നേടിയത്.

പ്രകടനത്തോടെ ടൂര്‍ണമെന്‍റിലെ താരമായും തനുഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്ന താരം ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പുറത്താവാതെ 120 റണ്‍സ് അടിച്ചിരുന്നു. സെമിയില്‍ തമിഴ്‌നാടിനെതിരെ 89 റണ്‍സും കണ്ടെത്തി. മുംബൈക്കായി ഇതേവരെ 23 ടി20 മത്സരങ്ങളും 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളുമാണ് തനുഷ് കളിച്ചിട്ടുള്ളത്.

മാര്‍ച്ച് 26-ന് ജയ്‌പൂരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് രാജസ്ഥാന്‍ സീസണിലെ (IPL 2024) ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. തുടര്‍ന്ന് 28-ന് ഡല്‍ഹി ക്യാപിറ്റല്‍സ്, ഏപ്രില്‍ 1-ന് മുംബൈ ഇന്ത്യന്‍സ്, ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്കെതിരെയും ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ കളിക്കും.

ALSO READ: ധോണിയുടെ വജ്രായുധം 'തയ്യാര്‍' ; ചെന്നൈക്ക് വമ്പന്‍ ആശ്വാസം - Matheesha Pathirana Injury Updates

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ് : സഞ്ജു സാംസൺ (ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഡൊനോവൻ ഫെരേര, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, ജോസ് ബട്‌ലർ, ആര്‍ അശ്വിൻ, ധ്രുവ് ജുറെൽ,യുസ്‌വേന്ദ്ര ചാഹൽ, യശസ്വി ജയ്‌സ്വാൾ, കുനാൽ റാത്തോഡ്,കുൽദീപ് സെൻ, നവ്ദീപ് സൈനി, പ്രസിദ്ധ് കൃഷ്‌ണ, സന്ദീപ് ശർമ, ട്രെന്‍റ്‌ ബോൾട്ട്, അവേഷ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ കാഡ്‌മോർ, ആബിദ് മുഷ്‌താഖ്, നാന്ദ്രെ ബർഗർ,തനുഷ് കോട്ടിയാന്‍.

ABOUT THE AUTHOR

...view details