കേരളം

kerala

ETV Bharat / sports

ഹര്‍ഷലിനെ പഞ്ഞിക്കിട്ട് ഡല്‍ഹിയുടെ തിരിച്ചുവരവ്, പന്തിന് നിരാശ; പഞ്ചാബിന് 175 റണ്‍സിന്‍റെ വിജയ ലക്ഷ്യം - IPL 2024 PBKS VS DC SCORE UPDATES

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് എതിരെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് 174 റണ്‍സ്.

PUNJAB KINGS VS DELHI CAPITALS  RISHABH PANT  IPL 2024
IPL 2024 Punjab Kings vs Delhi Capitals Score Updates

By ETV Bharat Kerala Team

Published : Mar 23, 2024, 5:45 PM IST

Updated : Mar 23, 2024, 7:55 PM IST

മൊഹാലി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) പഞ്ചാബ് കിങ്‌സിന് 175 റണ്‍സിന്‍റെ വിജയ ലക്ഷ്യം കുറിച്ച് ഡല്‍ഹി ക്യാപിറ്റില്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 174 റണ്‍സിലേക്ക് എത്തിയത്. 25 പന്തില്‍ 33 റണ്‍സ് നേടിയ ഷായ്‌ ഹോപ്പാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്‌ടമായി പ്രതിരോധത്തിലായ ഡല്‍ഹിയെ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ പഞ്ഞിക്കിട്ട അഭിഷേക് പോറെലാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഭേദപ്പെട്ട തുടക്കമായിരുന്നു നല്‍കിയത്. വാര്‍ണര്‍ പിന്തുണ നല്‍കിയപ്പോള്‍ മാര്‍ഷ് ആക്രമിച്ചതോടെ ആദ്യ വിക്കറ്റില്‍ 39 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ എത്തിയത്. എന്നാല്‍ മാര്‍ഷിനെ വീഴ്‌ത്തി അര്‍ഷ്‌ദീപ് സിങ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

12 പന്തില്‍ രണ്ട് വീതം ബൗണ്ടറികളും സിക്‌സും സഹിതം 20 റണ്‍സ് നേടിയ താരത്തെ രാഹുല്‍ ചഹാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ഷായ്‌ ഹോപ്പിനൊപ്പം മികച്ച രീതിയില്‍ കളിക്കവെ വാര്‍ണറെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കയ്യിലെത്തിക്കുമ്പോള്‍ 74 റണ്‍സായിരുന്നു ഡല്‍ഹിയുടെ സ്‌കോര്‍ ബോര്‍ഡില്‍. 21 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 29 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്.

ഡല്‍ഹി ടോട്ടല്‍ മൂന്നക്കത്തിലേക്ക് എത്തും മുമ്പ് ഷായ്‌ ഹോപ്പിനെയും ടീമിന് നഷ്‌ടമായി. രണ്ട് ബൗണ്ടറികളും രണ്ട് സിക്‌സും നേടിയ ഹോപ്പിനെ റബാഡയാണ് വീഴ്‌ത്തിയത്. 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ക്യാപ്റ്റന്‍ റിഷഭ്‌ പന്ത് (13 പന്തില്‍ 18), റിക്കി ഭുയി (7 പന്തില്‍ 3), ട്രിസ്‌റ്റൻ സ്‌റ്റബ്‌സ് (8 പന്തില്‍ 5) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.

സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ച അക്‌സര്‍ പട്ടേല്‍ (13 പന്തില്‍ 21), സുമിത് കുമാര്‍ (9 പന്തില്‍ 2) റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ ഡല്‍ഹി കൂടുതല്‍ പതറി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇംപാക്‌ട് പ്ലെയറെ ഡല്‍ഹിക്ക് കളത്തിലിറക്കേണ്ടിയും വന്നു. ക്രീസിലെത്തിയ അഭിഷേക് പോറെൽ ടീമിന്‍റെ പ്രതീക്ഷ കാത്തു. 10 പന്തില്‍ പുറത്താവാതെ നാല് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 32 റണ്‍സ് നേടിയ അഭിഷേകിന്‍റെ പ്രകടനമാണ് ടീമിനെ 174 റണ്‍സിലേക്ക് എത്തിച്ചത്.

ALSO READ: 'ആ റുതുരാജിന്‍റെ മുഖമൊന്ന് കാണിക്ക് ധോണിയല്ല, അയാളാണ് ക്യാപ്റ്റന്‍' - IPL 2024

അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ താരം എടുത്തിട്ട് അലക്കി. രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 25 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. അവസാന പന്തില്‍ കുല്‍ദീപ് യാദവ് (2 പന്തില്‍ 1) റണ്ണൗട്ടായെങ്കിലും ടീം ഭേദപ്പെട്ട സ്‌കോര്‍ ഉറപ്പിച്ചിരുന്നു. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്‌ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Last Updated : Mar 23, 2024, 7:55 PM IST

ABOUT THE AUTHOR

...view details