മൊഹാലി :ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് (Punjab Kings) വിജയത്തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സിനെ (Delhi Capitals) നാല് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സിന്‍റെ വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ നാല് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് പഞ്ചാബ് നേടിയെടുത്തത്. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (Sam Curran- 47 പന്തില്‍ 63) നയിച്ചപ്പോള്‍ ലിയാം ലിവിങ്‌സ്റ്റണാണ് (21 പന്തില്‍ 38*) വിജയം ഉറപ്പിച്ചത്.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ജോണി ബെയര്‍സ്റ്റോയും ആക്രമിച്ചതോടെ മൂന്ന് ഓവറില്‍ 34 റണ്‍സ് ചേര്‍ക്കാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇഷാന്ത് ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ ടീമിന് ഇരട്ട പ്രഹരമേറ്റു. ആദ്യ പന്തില്‍ ശിഖര്‍ ധവാന്‍ (16 പന്തില്‍ 22) ബൗള്‍ഡായി. അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്റ്റോയും (3 പന്തില്‍ 9) പുറത്ത്. പ്രഭ്‌സിമ്രാന്‍ സിങ് സ്‌ട്രൈക്ക് അടിച്ച പന്ത് ഇഷാന്തിന്‍റെ ദേഹത്ത് തട്ടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ ബെയര്‍സ്റ്റോ റണ്ണൗട്ടാവുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച പ്രഭ്‌സിമ്രാനും സാം കറനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 42 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞത്. പ്രഭ്‌സിമ്രാനെ (17 പന്തില്‍ 26) വീഴ്‌ത്തിയ കുല്‍ദീപാണ് ബ്രേക്ക് ത്രൂ നല്‍കിയത്. ജിതേഷ് ശര്‍മയ്ക്ക് ( 9 പന്തില്‍ 9) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും തുടര്‍ന്നെത്തിയ ലിയാം ലിവിങ്‌സ്റ്റണ്‍ കറന് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 67 റണ്‍സാണ് നേടിയത്.