മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ കന്നി വിജയം നേടി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടമായ വാങ്കഡെയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് വീഴ്‌ത്തിയത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈ വിജയിക്കുന്നത്.
ആതിഥേയര്‍ നേടിയ 234 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 205 റണ്‍സിലേക്ക് എത്താനാണ് കഴിഞ്ഞത്. 25 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ട്രിസ്റ്റൻ സ്റ്റബ്‌സാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്. പൃഥ്വി ഷാ (40 പന്തില്‍ 66), അഭിഷേക് പോറല്‍ (31 പന്തില്‍ 41) എന്നിവര്‍ മാത്രമാണ് പൊരുതിയ മറ്റ് താരങ്ങള്‍. മുംബൈക്കായി ജെറാൾഡ് കോറ്റ്‌സി നാലും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് തുടക്കം തന്നെ ഡേവിഡ് വാര്‍ണറെ (8 പന്തില്‍ 10) നഷ്‌ടമായി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച പൃഥ്വി ഷായും അഭിഷേക് പോറലും മികച്ച രീതിയില്‍ കളിച്ചതോടെ ടീമിന് പ്രതീക്ഷ വച്ചു. പൃഥ്വി ഷായെ ബൗള്‍ഡാക്കിക്കൊണ്ട് 88 റണ്‍സ് ചേര്‍ത്ത സഖ്യം പൊളിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത് ജസ്‌പ്രീത് ബുംറയാണ്.
പിന്നാലെ പോറലിനേയും ബുംറ പവലിയനിലേക്ക് അയച്ചു. തുടര്‍ന്ന് ട്രിസ്റ്റൻ സ്റ്റബ്‌സ് ആക്രമിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. റിഷഭ് പന്ത്(3 പന്തില്‍ 1), അക്‌സര്‍ പട്ടേല്‍ (7 പന്തില്‍ 8), ലളിത് യാദവ് (4 പന്തില്‍ 3), കുമാര്‍ കുശാഗ്ര (1 പന്തില്‍ 0), ജെയ് റിച്ചാഡ്‌സണ്‍ (2 പന്തില്‍ 2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. സീസണില്‍ ഡല്‍ഹിയുടെ നാലാമത്തെ തോല്‍വിയാണിത്. വിജയത്തോടെ ഐപിഎല്ലില്‍ 250 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമായി മുംബൈ മാറി.
ALSO READ: എന്തുകൊണ്ട് ആര്‍സിബി തോല്‍ക്കുന്നു; കാരണം ഇതെന്ന് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan On RCB
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 234 റണ്‍സിലേക്ക് എത്തിയത്. 27 പന്തില്‍ 49 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ടിം ഡേവിഡ് (21 പന്തില്‍ 45*), റൊമാരിയോ ഷെപ്പേർഡ് (10 പന്തില്‍ 39*) എന്നിവര്‍ നടത്തിയ പ്രകടനമാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
അവസാന രണ്ട് ഓവറില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. ഇഷാന്‍ കിഷന്‍ (23 പന്തില്‍ 42), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 39) എന്നിവരും കാര്യമായ സംഭാവന നല്‍കി.