ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലേക്ക് എത്തുമ്പോഴെല്ലാം ആരാധകര്‍ കാത്തിരിക്കുന്നത് എംഎസ് ധോണിക്ക് വേണ്ടിയാണ്. മത്സരം എതിരാളികളുടെ തട്ടകത്തില്‍ വച്ചാണെങ്കിലും ഗ്യാലറി മഞ്ഞക്കടലാവുന്നതിന്‍റെ കാരണം ധോണിയാണ്. ചെന്നൈ തോറ്റാലും ജയിച്ചാലും ധോണിയുടെ പ്രകടനം ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ് പതിവ്.
മിന്നും പ്രകടനം നടത്തിക്കൊണ്ട് ആരാധകരെ 42-കാരന്‍ നിരാശരാക്കാറുമില്ല. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനിറങ്ങിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈക്കായി ബാറ്റ് ചെയ്യാനിറങ്ങി ധോണിക്ക് അവസാന പന്ത് മാത്രമാണ് ലഭിച്ചത്. ഇതാവട്ടെ താരം ബൗണ്ടറി ലൈനിലേക്ക് അയയ്‌ക്കുകയും ചെയ്‌തു. മത്സരത്തിനായി കളത്തിലേക്ക് എത്തിയില്ലെങ്കിലും ഡ്രസിങ് റൂമിലിരിക്കുമ്പോഴും ധോണിയെ സ്‌ക്രീനിൽ കാണിക്കുന്നതാണ് ക്യാമറാമാന്മാരുടെ പതിവ്. ഇന്നലെയും സംഭവം ആവര്‍ത്തിച്ചു.
ചെന്നൈക്കായി റുതുരാജ് ഗെയ്‌ക്വാദ് - ശിവം ദുബെ സഖ്യം തകര്‍ത്തടിക്കുമ്പോഴായിരുന്നുവിത്. ഇതില്‍ ഒരല്‍പം അതൃപ്‌തി പ്രകടിപ്പിച്ച് തന്‍റെ കയ്യിലുണ്ടായിരുന്ന ക്യാമറയ്‌ക്ക് നേരെ എറിയുന്നതുപോലെ ആംഗ്യം കാണിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആവേശ വിജയം നേടിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സായിരുന്നു നേടിയത്. റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ അപരാജിത സെഞ്ചുറിയും ശിവം ദുബെയുടെ അര്‍ധ സെഞ്ചുറിയുമാണ് ടീമിന് കരുത്തായത്.
60 പന്തുകളില്‍ 12 ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം പുറത്താവാതെ 108 റണ്‍സായിരുന്നു റുതുരാജ് അടിച്ചത്. 27 പന്തില്‍ മൂന്ന് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 66 റണ്‍സായിരുന്നു ദുബെയുടെ സമ്പാദ്യം. മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈ ക്യാപ്റ്റന്‍റെ സെഞ്ചുറിക്ക് മാര്‍ക്കസ് സ്റ്റോയിനിസിലൂടെ മറുപടി നല്‍കി. ഇതോടെ 19.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്‌ടത്തില്‍ 213 റണ്‍സെടുത്താണ് ടീം വിജയം ഉറപ്പിച്ചത്.
ALSO READ: 'നന്ദി സഞ്ജു ഭായി, എന്നെ വിശ്വസിച്ചതിന്... പിന്തുണച്ചതിന്'; രാജസ്ഥാന്‍ ക്യാപ്റ്റന് കടപ്പാട് അറിയിച്ച് യശസ്വി ജയ്‌സ്വാള്‍ - Jaiswal Thanks Sanju Samson
63 പന്തുകളില്‍ 13 ബൗണ്ടറികളും ആറ് സിക്‌സറും സഹിതം പുറത്താവാതെ 124 റണ്‍സായിരുന്നു സ്‌റ്റോയിനിസ് നേടിയത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ നാലാം സ്ഥാനക്കേക്ക് കയറാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് കഴിഞ്ഞു. എട്ട് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റാണ് ടീമിനുള്ളത്. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി ചെന്നൈ അഞ്ചാമതാണ്.