ലഖ്‌നൗ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈന്‍സിനെതിരായ വിജയത്തോടെ പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമടക്കം ആകെ ആറ് പോയിന്‍റാണ് ലഖ്‌നൗവിനുള്ളത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി വഴങ്ങിയെങ്കിലും പിന്നീട് ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് ലഖ്‌നൗ മൂന്നാമത് എത്തിയത്. കളിച്ച നാല് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് തലപ്പത്ത്. മൂന്നില്‍ മൂന്നും വിജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രണ്ടാമത്.
ഗുജറാത്തിനെ എറിഞ്ഞിട്ട് ലഖ്‌നൗ:സ്വന്തം തട്ടകമായ ഏക്‌ന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ചിന് 163 റണ്‍സായിരുന്നു നേടിയിരുന്നത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 18.5 ഓവറിൽ 130 റൺസിന് ഔൾഔട്ടായി.
23 പന്തില്‍ 31 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടോപ് സ്കോറര്‍. യുവപേസർ യഷ് താക്കൂറിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഗുജറാത്തിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റുകളുമായി ക്രുണാല്‍ പാണ്ഡ്യയും തിളങ്ങി. ലക്ഷ്യം പിന്തുടരാനിറങ്ങിയ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.