ലഖ്‌നൗ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിജയവഴിയിലേക്ക് എത്താൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് - പഞ്ചാബ് കിങ്‌സ് ടീമുകള്‍ ഇന്ന് ഇറങ്ങും. ലഖ്‌നൗവിന്‍റെ തട്ടകമായ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. പഞ്ചാബ് കിങ്‌സ് രണ്ടാം ജയം നോട്ടമിടുമ്പോള്‍ ആദ്യ പോയിന്‍റാണ് എല്‍എസ്‌ജിയുടെ ലക്ഷ്യം.
ആദ്യ മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനോട് 20 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. പോയിന്‍റ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പടുത്താൻ കെഎല്‍ രാഹുലിനും സംഘത്തിനും ഇന്ന് ജയം അനിവാര്യം. കെഎല്‍ രാഹുല്‍, നിക്കോളാസ് പുരാൻ എന്നിവര്‍ ആദ്യ കളിയില്‍ ബാറ്റുകൊണ്ട് ലഖ്‌നൗവിനായി മികച്ച പ്രകടനം നടത്തിയിരുന്നു.
ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങുമ്പോഴും രാഹുല്‍ നല്‍കുന്ന തുടക്കവും പുരാന്‍റെ ഫിനിഷിങ്ങും ആതിഥേയര്‍ക്ക് നിര്‍ണായകമാകും. ക്വിന്‍റണ്‍ ഡി കോക്ക്, ആയുഷ് ബഡോണി, ദേവ്‌ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ പ്രകടനങ്ങളും ടീമിന് നിര്‍ണായകമാകും. കഴിഞ്ഞ സീസണില്‍ സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായിക്കുന്ന കറുത്ത മണ്ണിലെ പിച്ചിലായിരുന്നു മത്സരങ്ങള്‍.
എന്നാല്‍, ഇത്തവണ കൂടുതല്‍ ബൗണ്‍സും പേസും ലഭിക്കുന്ന ചുവന്ന മണ്ണിലെ വിക്കറ്റില്‍ കളികള്‍ നടക്കും. ഈ സാഹചര്യത്തില്‍ പേസ് ത്രയം മൊഹ്‌സിൻ ഖാൻ, നവീൻ ഉല്‍ ഹഖ്, യാഷ് താക്കൂര്‍ എന്നിവരുടെ ബൗളിങ് നിര്‍ണായകമായേക്കും.