ചെന്നൈ: വന്ദേ ഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. ഇന്നലെ (16 നവംബര്‍) തിരുനെൽവേലി - ചെന്നൈ എഗ്മോർ വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത യാത്രക്കാരനാണ് പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറില്‍ നിന്ന് പുഴുവിനെ ലഭിച്ചത്. യാത്രക്കാരന്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പരിശോധന നടത്തി.
എന്നാൽ ഇത് പ്രാണിയല്ല സാമ്പാറിലെ ജീരകമാണ് എന്നുമാണ് റെയിൽവേ ജീവനക്കാരൻ ആദ്യം വാദിച്ചത്. ജീരകത്തിന് എങ്ങനെ കയ്യും കാലും വന്നു എന്ന് യാത്രക്കാരന്‍ ചോദിച്ചതോടെ തര്‍ക്കമായി. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് പ്രാണി തന്നെയാണെന്ന് വ്യക്തമായത്.
കാസറോൾ കണ്ടെയ്‌നറിന്‍റെ അടപ്പിലാണ് പ്രാണിയെ കണ്ടെത്തിയത്. ഭക്ഷണം തയ്യാറാക്കിയതിന് ശേഷമാകാം പ്രാണി കടന്നുകൂടിയതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവത്തിന് പിന്നാലെ ഭക്ഷണം വിതരണം ചെയ്‌ത എം/എസ് ബൃന്ദാവൻ ഫുഡ് പ്രൊഡക്‌ട്‌സിന്‍റെ തിരുനെൽവേലി ബേസ് കിച്ചൻ വിതരണം ചെയ്യുന്ന ഭക്ഷണം അധികൃതര്‍ പരിശോധിച്ചു. കരാറുകാരന് 50,000 രൂപ പിഴ ചുമത്തിയതായും തുടർ നടപടികൾ സ്വീകരിച്ചതായും റെയില്‍വേ അറിയിച്ചു.
അതേസമയം, മറ്റ് ഭക്ഷണപ്പൊതികളുടെ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.