കൊല്‍ക്കത്ത :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം പതിപ്പിനായി അരയും തലയും മുറുക്കി തയ്യാറെടുക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് (Kolkata Knight Riders). രണ്ട് തവണ ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞ സീസണില്‍ ഏഴാമതായാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ശ്രേയസ് അയ്യരുടെ (Shreyas Iyer ) അഭാവത്തില്‍ നിതീഷ് റാണയ്‌ക്ക് കീഴിലായിരുന്നു കൊല്‍ക്കത്ത കളിച്ചത്. 14 മത്സരങ്ങളില്‍ എട്ടിലും തോല്‍വി വഴങ്ങേണ്ടി വന്നു. പുതിയ സീസണില്‍ ശ്രേയസിന്‍റെ തിരിച്ചുവരവിനൊപ്പം തങ്ങളുടെ മൂന്നാം കിരീടമാണ് കൊല്‍ക്കത്ത ലക്ഷ്യം വയ്‌ക്കുന്നത്.
മെന്‍ററായി മുന്‍ നായകന്‍ ഗൗതം ഗംഭീറിന്‍റെ ( Gautam Gambhir) സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്ത് പകരും. 2011 മുതല്‍ 2017 വരെയായിരുന്നു ഗംഭീര്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. താരത്തിന് കീഴിലായിരുന്നു കൊല്‍ക്കത്ത തങ്ങളുടെ രണ്ട് കിരീടങ്ങളും നേടിയെടുത്തത്. ഏഴ് വര്‍ഷത്തിന് ശേഷം പുതിയ റോളില്‍ തിരിച്ചെത്തിയ താരത്തിന് കൊല്‍ക്കത്തയ്‌ക്ക് മൂന്നാം കിരീടം നേടിക്കൊടുക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.
2023- സീസണിൽ കൊൽക്കത്ത നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പേസ് യൂണിറ്റിന്‍റെ മോശം പ്രകടനമായിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 10.54 എന്ന മോശം ഇക്കോണമിയില്‍ 30 വിക്കറ്റുകൾ മാത്രമായിരുന്നു കൊല്‍ക്കത്ത പേസര്‍മാര്‍ ആകെ നേടിയത്. എന്നാല്‍ കഴിഞ്ഞ ലേലത്തില്‍ പണം വാരിയെറിഞ്ഞ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂടെക്കൂട്ടിയ കൊല്‍ക്കത്ത തങ്ങളുടെ പേസ് ബാറ്ററി നിറച്ചു. ഓസീസ് സൂപ്പര്‍ താരത്തിനായി 24.75 കോടി രൂപയാണ് കൊല്‍ക്കത്ത വീശിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായും സ്റ്റാര്‍ക്ക് മാറി.
ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീര ഇന്ത്യന്‍ യുവ രക്തങ്ങളായ ചേതൻ സക്കറിയ, വൈഭവ് അറോറ, ഹർഷിത് റാണ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന പേസര്‍മാര്‍. സ്റ്റാര്‍ക്കിനൊപ്പം ഇക്കൂട്ടരും മികവ് പുലര്‍ത്തിയാല്‍ കൊല്‍ക്കത്തയുടെ പ്രധാന തലവേദന തീരും. വരുണ്‍ ചക്രവര്‍ത്തി, മുജീബ് ഉര്‍ റഹ്മാന്‍, സുയാശ് ശര്‍മ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാര്‍.