മുംബൈ:ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ ഒമ്പതാം നമ്പറിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. തന്‍റെ ടി20 കരിയറിൽ ഇതാദ്യമായാണ് ധോണി ഒമ്പതാം നമ്പറില്‍ എത്തുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ബൗള്‍ഡായി താരത്തിന് മടങ്ങേണ്ടി വന്നു.
ഇതിന് പിന്നാലെ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യാന്‍ എത്തുന്ന പ്രവര്‍ത്തിക്ക് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. ധോണി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
"എംഎസ് ധോണി ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഗുണം ചെയ്യില്ല. അതു ടീമിന്‍റെ ലക്ഷ്യവുമായി യോജിക്കുന്നതല്ല. അദ്ദേഹത്തിന് 42 വയസ്സുണ്ടെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം മികച്ച ഫോമിലാണ്.
ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. കുറഞ്ഞത് 4 മുതൽ 5 ഓവർ വരെ ബാറ്റ് ചെയ്യണം. നിലവില്‍ അവസാന ഓവറിലോ, അല്ലെങ്കില്‍ അവസാന രണ്ട് ഓവറുകളിലോ മാത്രമാണ് അദ്ദേഹം ബാറ്റുചെയ്യുന്നത്. ചെന്നൈയെ സംബന്ധിച്ച് അതു ഗുണം ചെയ്യില്ല"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.