ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ചെന്നൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയം നേടിയാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവസാന നാലിലേക്ക് കടക്കാന്‍ കഴിയുമായിരുന്നൊള്ളൂ. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിന്‍റെ വിജയം നേടാന്‍ ടീമിന് കഴിഞ്ഞു.
എന്നാല്‍ മത്സരത്തിന്‍റെ അവസാനത്തേക്ക് പ്ലേ ഓഫിന് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്താമെന്ന പ്രതീക്ഷ ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ടായിരുന്നു. രവീന്ദ്ര ജഡേജ - എംഎസ് ധോണി സഖ്യം ക്രീസില്‍ നില്‍ക്കെ അവസാന രണ്ട് ഓവറില്‍ 35 റണ്‍സായിരുന്നു റണ്‍റേറ്റ് നിലനിര്‍ത്താന്‍ ചെന്നൈക്ക് വേണ്ടിയിരുന്നത്. ബെംഗളൂരുവിനായി ലോക്കി ഫെര്‍ഗുസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ ധോണിയും ജഡേജയും ചേര്‍ന്ന് 18 റണ്‍സ് അടിച്ചുകൂട്ടി.
ഇതോടെ അവസാന ഓവറില്‍ ചെന്നൈക്ക് വേണ്ടത് 17 റണ്‍സായി. യാഷ് ദയാല്‍ എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്തില്‍ ധോണി കൂറ്റന്‍ സിക്‌സര്‍ പറത്തി. 110 മീറ്റര്‍ പറന്ന പന്ത് സ്റ്റേഡിയത്തിന് പുറത്തേക്കാണ് പോയത്. ഈ സിക്‌സറാണ് മത്സരം തങ്ങളുടെ വരുതിലേക്ക് എത്തിച്ചതെന്നാണ് ബെംഗളൂരുവിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് പറയുന്നത്.