കേരളം

kerala

ETV Bharat / sports

ഐപിഎല്ലില്‍ മുംബൈയെ മുക്കി ഡല്‍ഹി - IPL 2024 DC vs MI Result - IPL 2024 DC VS MI RESULT

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.

JAKE FRASER MCGURK  TILAK VARMA  ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്ക്  തിലക്‌ വര്‍മ
IPL 2024 Delhi Capitals vs Mumbai Indians Result

By ETV Bharat Kerala Team

Published : Apr 27, 2024, 8:10 PM IST

ന്യൂഡല്‍ഹി :ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 10 റണ്‍സിന് തോല്‍വി വഴങ്ങി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഉയര്‍ത്തിയ 258 റണ്‍സിന്‍റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 247 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

അര്‍ധ സെഞ്ചുറി നേടിയ തിലക്‌ വര്‍മയ്‌ക്ക് (32 പന്തില്‍ 63) പുറമെ ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ 46), ടിം ഡേവിഡ് (17 പന്തില്‍ 37) എന്നിവര്‍ മാത്രമാണ് മുംബൈക്കായി പൊരുതിയത്. ഡല്‍ഹിക്കായി മുകേഷ് കുമാറും റാസിഖ് സലാമും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

വലിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പള്‍ മൂന്നിന് 65 റണ്‍സായിരുന്നു ടീമിന് നേടാന്‍ കഴിഞ്ഞത്. രോഹിത് ശര്‍മ (8 പന്തില്‍ 8), ഇഷാന്‍ കിഷാന്‍ (14 പന്തില്‍ 20), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 26) എന്നിവരാണ് നിരാശപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നിച്ച ഹാര്‍ദിക്കും തിലകും ചേര്‍ന്ന് 71 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

മുംബൈക്ക് പ്രതീക്ഷ നല്‍കി ഇരുവരേയും പിരിച്ചത് റാസിഖ് സലാമാണ്. നേഹര്‍ വധേര (2 പന്തില്‍ 4), മുഹമ്മദ് നബി (4 പന്തില്‍ 7), പീയൂഷ് ചൗള (4 പന്തില്‍ 10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ലൂക്ക് വുഡ് (3 പന്തില്‍ 9) പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്കിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവലാണ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 257 റണ്‍സിലേക്ക് എത്തിയത്. 27 പന്തില്‍ 84 റണ്‍സായിരുന്നു ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്ക് അടിച്ചത്. ഷായ്‌ ഹോപ്പും (17 പന്തില്‍ 41) ട്രിസ്റ്റന്‍ സ്റ്റബ്‌സും ( 25 പന്തില്‍ 48*) തിളങ്ങി.

മികച്ച തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍-മക്‌ഗുര്‍ക്കും അഭിഷേക് പോറലും ആദ്യ വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. ലൂക്ക് വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മക്‌ഗുര്‍ക്ക് 19 റണ്‍സടിച്ചു. തുടര്‍ന്ന് പന്തെടുത്ത ജസ്‌പ്രീത് ബുംറയ്‌ക്കും നുവാന്‍ തുഷാരയ്‌ക്കും രക്ഷയുണ്ടായിരുന്നില്ല. 22-കാരനായ മക്‌ഗുര്‍ക്ക് വമ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ പോറല്‍ പിന്തുണ നല്‍കിയതോടെ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സൊഴുകി.

ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 92 റണ്‍സായിരുന്നു ഡല്‍ഹിക്ക് നേടാന്‍ കഴിഞ്ഞത്. മക്‌ഗുര്‍ക്ക് അടി തുടര്‍ന്നതോടെ മുംബൈ ബോളര്‍മാര്‍ ഏറെ പ്രതിരോധത്തിലായി. ഒടുവില്‍ മക്‌ഗുര്‍ക്കിനെ മുഹമ്മദ് നബിയുടെ കയ്യില്‍ എത്തിച്ച് പിയൂഷ് ചൗളയാണ് മുംബൈക്ക് ഏറെ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. അധികം വൈകാതെ അഭിഷേക് പോറലും (27 പന്തില്‍ 36) മടങ്ങിയെങ്കിലും തുടര്‍ന്ന് ഒന്നിച്ച ഷായ്‌ ഹോപ്പും റിഷഭ്‌ പന്തും 53 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ALSO READ: 'ഹാർദിക്കിന് 'സൂപ്പർ സ്റ്റാർ' ട്രീറ്റ്‌മെന്‍റ്‌ നൽകരുത്; ബിസിസിഐ ആ പരിപാടി നിര്‍ത്തണം' - Irfan Pathan On Hardik Pandya

ഷായ്‌ ഹോപ്പിനെ വീഴ്‌ത്തി ലൂക്ക് വുഡാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. അഞ്ച് സിക്‌സറുകള്‍ പറത്തായിരുന്നു ഷായ്‌ ഹോപ്പ് മടങ്ങിയത്. വനമ്പനടികള്‍ നടത്താന്‍ കഴിയാതിരുന്ന റിഷഭ്‌ പന്തിനെ (19 പന്തില്‍ 29) ജസ്‌പ്രീത് ബുംറ മടക്കി. ഇതിനിടെ ട്രിസ്റ്റന്‍ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ട് ഡല്‍ഹിക്ക് ഏറെ നിര്‍ണായകമായി. ട്രിസ്റ്റന്‍ സ്റ്റബ്‌സിനൊപ്പം 6 പന്തില്‍ 11 റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details