കൊല്‍ക്കത്ത :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്‌തമിച്ചിരിക്കുകയാണ്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ആര്‍സിബിയ്‌ക്ക് ഇനി ശേഷിക്കുന്നത് വെറും ആറ് മത്സരങ്ങളും.
ഈ മത്സരങ്ങള്‍ എല്ലാം ജയിച്ചാലും 14 പോയിന്‍റ് മാത്രമാണ് അവര്‍ക്ക് നേടാനാകുന്നത്. വലിയ കണക്ക് കൂട്ടലുകള്‍ ഒന്നുമില്ലാതെ ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ കുറഞ്ഞത് 16 പോയിന്‍റെങ്കിലും ആവശ്യമാണ്. എന്നാല്‍, മുൻപും പല പ്രാവശ്യം 14 പോയിന്‍റോടെ ടീമുകള്‍ പ്ലേ ഓഫ് കളിച്ച ചരിത്രമുണ്ട്.
മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചാകും ഏതൊരു ടീമിനും ഇത്തരത്തിലൊരു മുന്നേറ്റം സാധ്യമാവുക. നിലവിലെ സാഹചര്യത്തില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച റണ്‍റേറ്റോടെ ജയിക്കാനായാല്‍ ചെറുതായെങ്കിലും ആര്‍സിബിയ്‌ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകും.
അതേസമയം, ആര്‍സിബിക്കെതിരായ ജയത്തോടെ പ്ലേ ഓഫിനോട് ഒരു പടി കൂടി അടുക്കാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ അവര്‍ 10 പോയിന്‍റോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍. ശേഷിക്കുന്ന ഏഴ് കളിയില്‍ നിന്നും 3 ജയം നേടാനായാല്‍ പോലും കെകെആറിന് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.
രാജസ്ഥാൻ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍. ഏഴ് കളിയില്‍ ആറിലും ജയിച്ച രാജസ്ഥാൻ റോയല്‍സാണ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. ശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ രണ്ട് ജയങ്ങളാണ് പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജു സാംസണിനും സംഘത്തിനും ആവശ്യം.