ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യൻ സ്‌പിൻ വലയില്‍ കുരുങ്ങി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 246 റൺസിന് ഓൾ ഔട്ടായി. 88 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും അടക്കം 70 റൺസ് നേടിയ നായകൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ളണ്ടിന്‍റെ ടോപ് സ്‌കോറർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ ബാസ്ബോൾ ശൈലിയിലാണ് ഇന്ത്യൻ പേസ് ബൗളർമാരെ നേരിട്ടത്. അതോടെ പേസർമാരെ പിൻവലിച്ച് സ്‌പിന്നർമാരെ കൊണ്ടുവന്ന ഇന്ത്യൻ നായകന്‍റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു പിന്നീടുള്ള മത്സരഗതി.
39 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം 35 റൺസെടുത്ത ബെൻ ഡക്കറ്റിനെ പുറത്താക്കിയ രവി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് എത്തിയ ഒലി പോപിനെ ( പതിനൊന്ന് പന്തില്‍ ഒന്ന്) ജഡേജ തിരിച്ചയച്ചു. അധികം വൈകാതെ സാക് ക്രാവ്‌ളിയെ (20) മടക്കി അശ്വിൻ ഇരട്ട പ്രഹരം നല്‍കി. തുടർന്നെത്തിയ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും 37 റൺസെടുത്ത ബെയർസ്റ്റോയെ അതിമനോഹരമായൊരു പന്തില്‍ അക്‌സർപട്ടേല്‍ ബൗൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി. തൊട്ടുപിന്നാലെ ജോ റൂട്ടിനെ (29) മടക്കി ജഡേജ വീണ്ടും പ്രഹരമേല്‍പ്പിച്ചു.