പെർത്ത് (ഓസ്‌ട്രേലിയ): ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ആതിഥേയരായ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യ 295 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ തോൽവിയാണിത്. നേരത്തെ ഇവിടെ നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
534 റൺസിന്‍റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 58.4 ഓവറിൽ 238 റൺസിന് ഓള്‍ ഔട്ടായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ എന്നിവരാണ് ഓസീസ് ബാറ്റിങ് നിരയെ തകർത്തത്. ബുംറ ആകെ 8 വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ – 150 - 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ – 104 - 238.
ഒന്നാം ഇന്നിംഗ്‌സിൽ തകർപ്പൻ ബൗളിങ് നടത്തിയ ഇന്ത്യൻ താരങ്ങള്‍ രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തിയില്ല. ആറ് ഓസ്‌ട്രേലിയൻ താരങ്ങളെ രണ്ടക്കം കടക്കാൻ പോലും അനുവദിച്ചില്ല. ട്രാവിസ് ഹെഡാണ് (89) രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. കളിയുടെ എല്ലാ വിഭാഗത്തിലും ഓസ്‌ട്രേലിയയേക്കാൾ മികവ് തെളിയിച്ച ഇന്ത്യൻ ടീം വെറും 4 ദിവസം കൊണ്ട് ഓസ്‌ട്രേലിയയുടെ അജയ്യമായ കോട്ട കീഴടക്കി. വിജയത്തോടെ ഇന്ത്യ നിരവധി വലിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചു.
പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 295 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഓസ്‌ട്രേലിയയിൽ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് രേഖപ്പെടുത്തിയത്. നേരത്തെ, 1977 ഡിസംബർ 30ന് മെൽബണിൽ ഓസ്‌ട്രേലിയയെ 222 റൺസിന് പരാജയപ്പെടുത്തിയതാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. 2018 ഡിസംബർ 26 ന് മെൽബണിൽ തന്നെ മറ്റൊരു വലിയ വിജയം നേടി. അവിടെ ഇന്ത്യ 137 റൺസിന് വിജയിച്ചു.
- ഒപ്റ്റസ്, പെർത്ത് - 295 റൺസ് - 2024 നവംബർ 25
- മെൽബൺ - 222 റൺസ് - 30 ഡിസംബർ 1977
- മെൽബൺ - 137 റൺസ് - 26 ഡിസംബർ 2018
- WACA, പെർത്ത് - 72 റൺസ് - 16 ജനുവരി 2008
- മെൽബൺ - 59 റൺസ് - 7 ഫെബ്രുവരി 1981
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് നേടിയത്. 2008ൽ മൊഹാലിയിൽ 320 റൺസിന് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതാണ് റൺസിന്‍റെ കാര്യത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. 1977ൽ മെൽബണിൽ ഇന്ത്യ 222 റൺസിന് വിജയിച്ചതായിരുന്നു മറ്റൊരു വലിയ വിജയം.
- മൊഹാലി - 320 റൺസ് - 17 ഒക്ടോബർ 2008
- ഒപ്റ്റസ്, പെർത്ത് - 295 റൺസ് - 2024 നവംബർ 25
- മെൽബൺ - 222 റൺസ് - 30 ഡിസംബർ 1977
- ചെന്നൈ - 179 റൺസ് - 6 മാർച്ച് 1998
- നാഗ്പൂർ - 172 റൺസ് - 6 നവംബർ 2008
Also Read:കളയാനില്ല സമയം; പെര്‍ത്തില്‍ കഠിന പരിശീലനത്തില്‍ ഹിറ്റ്‌മാന്‍- വീഡിയോ