പാരീസ്: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മിന്നും പ്രകടനം നടത്തിയ ഇന്ത്യൻ ഹോക്കി ടീമിനെ കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ടീമിന്‍റെ കഠിനാധ്വാനവും പ്രതിബദ്ധതയും ആവേശവുമാണ് ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു.
നിശ്ചയദാർഢ്യവും കൊണ്ട് എന്ത് നേടാമെന്ന് നിങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു. ലോക വേദിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ പ്രകടനം അഭിമാനം കൊള്ളിച്ചു. നിങ്ങളുടെ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാരുമായി സംവദിച്ച മന്ത്രി മികവിനായി പരിശ്രമിക്കുന്നത് തുടരാനും ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ഈ നേട്ടം ദശലക്ഷക്കണക്കിന് യുവ കായികതാരങ്ങൾക്ക് അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രചോദനം നൽകും. കോച്ചിങ് സ്റ്റാഫിന്‍റേയും സപ്പോർട്ട് ടീമിന്‍റേയും അശ്രാന്ത പരിശ്രമത്തെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ടീമിന്‍റെ വിജയത്തിൽ അവരുടെ പ്രധാന പങ്ക് പറയുകയും ചെയ്‌തു. ഇന്ത്യയിലെ ഹോക്കിയുടെ വികസനത്തിനും രാജ്യത്തെ കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌പെയിനിനെ 2-1 ന് തോൽപ്പിച്ചാണ് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയത്. പുരുഷ ഹോക്കി ടീമിന്‍റെ തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണിത്. നേരത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ ജർമനിയെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയിരുന്നു.
Also Read:ഒളിംപിക്‌സില്‍ പ്രതിഷേധിച്ച അഫ്‌ഗാന്‍ അഭയാര്‍ഥി താരത്തെ അയോഗ്യയാക്കി - Afghan refugee star disqualified