പാരീസ്: 52 വർഷത്തിന് ശേഷം ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം. പുരുഷ വിഭാഗത്തിലെ ആവേശ പോരാട്ടത്തില്‍ ഇന്ത്യ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഹർമൻപ്രീത് രണ്ട് ഗോളുകളും അഭിഷേക് ഒരു ഗോളും നേടി. ടൂർണമെന്‍റിലെ മൂന്നാം വിജയത്തോടെ ഇന്ത്യ പൂൾ ബിയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു. മത്സരത്തിലുടനീളം ഇന്ത്യ ശക്തമായാണ് മുന്നേറിയത്.
12-ാം മിനിറ്റിൽ അഭിഷേക് ആദ്യ ഫീൽഡ് ഗോളും തൊട്ടടുത്ത മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഒരു ഗോളും നേടിയതോടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 25-ാം മിനിറ്റിൽ ഓസ്‌ട്രേലിയൻ താരം ക്രെയ്ഗ് ആദ്യ ഗോൾ നേടിയപ്പോൾ ഓസ്‌ട്രേലിയ മത്സരത്തിലേക്ക് മടങ്ങിയെത്തി. കളിയുടെ പകുതിയില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും അതേ തീവ്രതയോടെ ഇന്ത്യ ഓസീസിനെ വീഴ്ത്താന്‍ പരിശ്രമിച്ചു. 32-ാം മിനിറ്റിൽ പെനാൽറ്റി സ്ട്രോക്കിലൂടെ ഹർമൻപ്രീത് ഒരു ഗോൾ നേടി ലീഡ് 3-1 ആയി ഉയർത്തി. 55-ാം മിനിറ്റിൽ ഗോവേഴ്‌സ് ബ്ലെയ്ക്ക് നേടിയ ഗോളിന്‍റെ പിൻബലത്തിൽ മത്സരം വഴിത്തിരിവായി. അവസാനം വരെ 3-2 ന്‍റെ ലീഡ് നിലനിർത്തി ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി.
നേരത്തെ ഇന്ത്യ ന്യൂസിലൻഡിനെയും അയർലൻഡിനെയും തോൽപ്പിച്ചിരുന്നു. അർജന്‍റീനക്കെതിരെ സമനില വഴങ്ങുകയും ബെൽജിയത്തിനെതിരെ തോൽവി സമ്മതിക്കുകയും ചെയ്‌തു. നിലവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ച് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി. 1972-ലെ മ്യൂണിക്കിലായിരുന്നു ഇന്ത്യൻ ടീമിന്‍റെ ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന വിജയം. നീണ്ട 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസിനെതിരേ ഇന്ത്യ ഒളിമ്പിക്‌സില്‍ വിജയക്കൊടി പാറിച്ചത്.
Also Read: ഒളിമ്പിക് ഹോക്കി: തോല്‍വിയുടെ വക്കില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ്; അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് സമനില - India vs Argentina result