ന്യൂഡൽഹി:ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തില്‍ 'സൈനിങ് ഓഫ് ഫ്രം ദി മാറ്റ്' എന്ന് കുറിച്ചാണ് താരം കരിയറിനോട് വിടപറഞ്ഞത്.
2016 റിയോ ഒളിമ്പിക്‌സിൽ വെല്ലുവിളി നിറഞ്ഞ പ്രൊഡുനോവ വോൾട്ട് പ്രകടനമാണ് ദീപ നടത്തിയത്. വെറും 0.15 പോയിന്‍റിന് താരത്തിന് മെഡൽ നഷ്ടമായി. മത്സരത്തില്‍ സിമോൺ ബൈൽസ്, മരിയ പസേക, ഗിയുലിയ സ്റ്റീൻറബ്ബർ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ദീപ ഫിനീഷ് ചെയ്‌തത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റായി. 2018ലെ എഫ്ഐജി ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് വേൾഡ് ചലഞ്ച് കപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്‌റ്റായും ദീപ ചരിത്രം സൃഷ്ടിച്ചു.
'ഇന്ന് എന്‍റെ നേട്ടങ്ങൾ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. ലോക വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടി.റിയോ ഒളിമ്പിക്‌സിലെ പ്രകടനം കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളാണെന്ന് താരം എഴുതി. നിലവിൽ വനിതാ ജിംനാസ്റ്റിക്‌സിൽ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വിജയകരമായി ചെയ്യുന്ന അഞ്ച് വനിതകളിൽ ഒരാളാണ് ദീപ.