ദിസ്‌പൂര്‍ :ഫുട്‌ബോള്‍ ഇതിഹാസം തോസെൻ ബോറ വിടവാങ്ങി. അസം ഫുട്ബോൾ ടീം ക്യാപ്റ്റനും ദേശീയ ഫുട്ബോൾ താരവുമായ തോസെൻ ബോറ ഇന്ന് (സെപ്‌തംബര്‍ 14) ആണ് മരണത്തിന് കീഴടങ്ങിയത്. ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടര്‍ന്ന് ബോറ ദിബ്രുഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1950 ഫെബ്രുവരി 14ന് ദിബ്രുഗഡ് ജില്ലയിലെ നഹർകതിയയിലാണ് തോസെൻ ബോറ ജനിച്ചത്. ദിബ്രുഗഡിലെ കനോയി കോളജിൽ നിന്ന് ബോറ പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോട്ടൺ കോളജിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദവും ഗുവാഹത്തി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
കായിക രംഗത്തെ സംഭാവനകൾ
കുട്ടിക്കാലം മുതലെ ഫുട്ബോൾ കളി ഏറെ ഇഷ്‌ടപ്പെട്ടിരുന്ന തോസെൻ ബോറ സ്‌കൂൾ തലം മുതൽ ഫുട്ബോൾ കളിച്ചിരുന്നു. അക്കാദമിക ജീവിതത്തിനൊപ്പം അദ്ദേഹം ഫുട്ബോളിനെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു. കോട്ടൺ കോളജിൽ പഠിക്കുമ്പോൾ ഗുവാഹത്തി യൂണിവേഴ്‌സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റനായും ബോറ.
പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മഹാറാണയ്ക്ക് വേണ്ടി തോസെൻ ബോറ കളിച്ചിട്ടുണ്ട്. ആദ്യ പ്രീ ഒളിമ്പിക്‌സ് മത്സരങ്ങളിലും അദ്ദേഹം ഇന്ത്യക്കായി പന്തുതട്ടി. നിരവധി വര്‍ഷം അസം ഫുട്ബോൾ ടീമിനെ അദ്ദേഹം നയിച്ചു.