ഹൈദരാബാദ് : രജത് പട്ടീദാര്‍ എന്ന മധ്യപ്രദേശ് താരത്തെ അറിയുക ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും പോലുളള മുതിര്‍ന്ന താരങ്ങള്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുമ്പോള്‍ വിരാട് കോഹ്ലിക്ക് പകരക്കാരനായി ടീമിലേക്ക് വിളി എത്തിയ താരത്തെ അധികമാര്‍ക്കും പരിചയം കാണില്ല(Indian Cricketer Rajat Patidar And His Importance). മധ്യ പ്രദേശ് ബാറ്റര്‍ മുപ്പതു കാരനായ രജത് പട്ടീദാര്‍ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ ഇന്ത്യാ എ ടീമിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് ടീമിലേക്കുള്ള വഴി തുറന്നത്.
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ യ്ക്കg വേണ്ടി ക്രീസിലെത്തിയ രജത് പട്ടീദാര്‍ 158 പന്തില്‍ നിന്ന് 151 റണ്‍സ് എടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 12 സെഞ്ച്വറികള്‍ അടക്കം 4000 റണ്‍സ് ആണ് ഈ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ സംഭാവന. ഏറെക്കാലം തഴയപ്പെട്ട ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് രജത് പട്ടീദാര്‍ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതും ദക്ഷിണാഫ്രിക്കക്കെതിരെ. 93 ഇന്നിങ്ങ്സുകളില്‍ നിന്നായി 45.97 ശരാശരിയില്‍ ഇരുപത്തി രണ്ട് അര്‍ദ്ധശതകങ്ങളും രജതിന്‍റെ പേരിലുണ്ട്.
2022 ജൂണില്‍ മധ്യ പ്രദേശ് നടാടെ രഞ്ജി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഇന്നിങ്ങ്സിന്‍റെ നെടുംതൂണായി നിന്നത് രജതായിരുന്നു. മുംബൈക്കെതിരായ ഫൈനലില്‍ സെഞ്ച്വറി നേടി ഉജ്വല പ്രകടനമാണ് രജത് കാഴ്ച വെച്ചത്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ ചരിത്രമാണ് ഈ മധ്യ പ്രദേശ് താരത്തിന് എന്നും. 2022 ഐ പി എല്‍ താര ലേലത്തില്‍ ലേലം കൊള്ളാന്‍ ആരുമില്ലാതെ പോയ താരമായിരുന്നു രജത് പട്ടീദാര്‍. എന്നാല്‍ അത് കാര്യമാക്കാതെ തൊട്ടടുത്ത ദിവസം തന്നെ രഞ്ജി സീസണ്‍ കളിക്കാനിറങ്ങിയ പട്ടീദാര്‍ ഗുജറാത്തിനെതിരെ നേടിയ രണ്ട് അര്‍ധ സെഞ്ച്വറികളിലൂടെ മധ്യ പ്രദേശിന് നിര്‍ണ്ണായക ലീഡ് നേടിക്കൊടുത്തു.
നാല് ഇന്നിങ്ങ്സുകളില്‍ നിന്നായി 83.75 ശരാശരിയില്‍ 335 റണ്‍സ് അടിച്ചെടുത്ത പട്ടീദാറിനെ തേടി ഏറെ വൈകാതെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂരില്‍ നിന്ന് വിളിയെത്തി. വിവാഹത്തിനൊരുങ്ങുകയായിരുന്ന രജത് പട്ടീദാര്‍ എല്ലാം മാറ്റി വെച്ച് ഐ പിഎല്‍ കളിക്കാനെത്തി. പ്ലേ ഓഫ് മല്‍സരത്തില്‍ സെഞ്ച്വറി അടിച്ച അണ്‍കാപ്പ്ഡ് ഇന്ത്യന്‍ താരമെന്ന ബഹുമതിയും രജത് സ്വന്തമാക്കി.
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ആ പ്രകടനം. 8 ഇന്നിങ്ങ്സുകളില്‍ നിന്നായി 152.5 ശരാശരിയില്‍ 323 റണ്‍സായിരുന്നു ആ ഐ പി എല്‍ സീസണിലെ പട്ടീദാറിന്‍റെ സമ്പാദ്യം. 2022 ല്‍ത്തന്നെ ഇന്ത്യ എ ക്കു വേണ്ടിയും പട്ടീദാര്‍ അരങ്ങേറ്റം കുറിച്ചു. ന്യൂസിലണ്ട് എ ടീമിനെതിരെ രണ്ട് സെഞ്ച്വറികളടിച്ച് വരവറിയിച്ച താരം സെലക്റ്റര്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റി.