ദുബായ് :ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (World Test Championship 2023-25) പോയിന്റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ജയം സ്വന്തമാക്കിയതോടെയാണ് രോഹിതും സംഘവും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് എത്തിയത്. ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം (WTC 2023-25 Updated Points Table).
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് 62 പോയിന്റാണ് നിലവില്‍. 64.58 ആണ് നിലവില്‍ ടീമിന്റെ പോയിന്റ് ശതമാനം. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ന്യൂസിലന്‍ഡിന് 60 പോയിന്റ് ശതമാനമാണുള്ളത്.
59.09 പോയിന്റ് ശതമാനമാണ് മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയക്ക്. 11 മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കളിച്ചിട്ടുണ്ട്. ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് അവരുടെ അക്കൗണ്ടില്‍.