ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ ഖബറടക്കം ഇന്ന് (ഡിസംബര്‍ 30). രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്‌ജിദിലാണ് ഖബറടക്കം. പുലർച്ചയോടെയാണ് പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി അമറിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
അതേസമയം കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ നടത്തുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആർആർടി സംഘത്തിന്‍റെ സേവനം ഉറപ്പാക്കൽ എന്നീ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നലെ ചേര്‍ന്ന സബ്‌കലക്‌ടറുടെ യോഗത്തിലും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മരിച്ച അമറിന്‍റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ (ഡിസംബര്‍ 29) മൂന്ന് മണിയോടെയാണ് കാട്ടാന ആക്രമണത്തില്‍ അമര്‍ ഇലാഹി കൊല്ലപ്പെട്ടത്. തേക്കിന്‍ കൂപ്പില്‍ കെട്ടിയിട്ട പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. അമറിനൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്നയാള്‍ പറഞ്ഞാണ് നാട്ടുകാരും കുടുംബവും വിവരം അറിഞ്ഞത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അമറിനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വനത്തിനോട് ചേര്‍ന്നാണ് അമറിന്‍റെ വീട്. ഇവിടെ നിന്നും ഏകദേശം 300 മീറ്റര്‍ മാറിയാണ് അമര്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
Also Read: ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ, വീഡിയോ കാണാം