കൊളംബോ:ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 42.2 ഓവറില്‍ ലക്ഷ്യം നേടാനാവാതെ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ 1–0 ന് ശ്രീലങ്ക മുന്നിലെത്തി.
ഇന്ത്യയെ എറിഞ്ഞിട്ടത് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാർഡർസേയാണ്. ചരിത് അസലങ്ക 6.2 ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയുടെ പരാജയം ഉറപ്പിക്കുകയും ചെയ്‌തു.
ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 44 പന്തിൽ 64 റൺസ് അടിച്ചെടുത്ത് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കിയാണ് രോഹിത് കളം വിട്ടത്. അക്‌സർ പട്ടേലും (44 പന്തിൽ 44), ശുഭ്‌മൻ ഗില്ലും (44 പന്തിൽ 35), ഭേദപ്പെട്ട സ്‌കോര്‍ നേടി.
ഇവര്‍ പുറത്തായതിന് ശേഷം ബാറ്റിങ്ങിനിറങ്ങിയ ആര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വിരാട് കോലി 19 പന്തിൽ 14 മാത്രം നേടി പുറത്തായി. ശിവം ദുബെയും കെ എല്‍ രാഹുലും സംപൂജ്യരായാണ് മടങ്ങിയത്. ഏകദിന പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവക്കാനായില്ല.
വാഷിങ്ടൻ സുന്ദർ 40 പന്തിൽ 15 റൺസുമായി പുറത്തായതോടെ ഇന്ത്യയുടെ തോൽവി ഉറപ്പായി. കുൽദീപ് യാദവ് (27 പന്തിൽ പുറത്താകാതെ 7), മുഹമ്മദ് സിറാജ് (18 പന്തിൽ നാല്), അർഷ്‌ദീപ് സിങ് (നാലു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുെട സ്‌കോര്‍ നില.
ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ മത്സരം തുടങ്ങിയത്. മുഹമ്മദ് സിറാജായിരുന്നു പതും നിസ്സങ്കയെ ഡക്കാക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. എന്നാല്‍ അവിഷ്‌ക ഫെര്‍ണാണ്ടോ - കുശാന്‍ മെന്‍ഡിസ് (30) സഖ്യം 74 റണ്‍സ് അടിച്ചെടുത്ത് ശ്രീലങ്കയെ കളിയിലേക്ക് തിരിച്ചുക്കൊണ്ടുവന്നു.
അവിഷ്‌കെയും പിന്നാലെ കുശാനെയും പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഇറങ്ങിയ സധീര സമരവിക്രമ (14), ചരിത് അസലങ്ക (25), ജനിത് ലിയാങ്കെ (12) എന്നിവര്‍ക്കൊന്നും മികച്ച പ്രകടനം കാഴ്‌ചവക്കാനായില്ല. എന്നാല്‍ വെല്ലാലഗെ - കമിന്ദു സഖ്യം 72 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഇന്ത്യയ്‌ക്ക് പൊളിക്കാനായത് 47ാം ഓവറില്‍ മാത്രമാണ്. പിന്നീടെത്തിയ അഖില ധനഞ്ജയ 15 റണ്‍സ് കൂട്ടിചേര്‍ത്തു. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു.
Also Read:മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫര്‍ പഞ്ചാബ് രഞ്ജി ട്രോഫി ടീം പരിശീലകനാകും