കൊളംബോ:ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ലങ്കയില്‍ ടി20 പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ടീമിലെ ഏതാനും താരങ്ങള്‍ മാത്രമാണ് ഏകദിന സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, രവി ബിഷ്‌ണോയ് എന്നിവരാണ് ഏകദിന സ്ക്വാഡില്‍ ഇല്ലാത്തത്. സീനിയര്‍ താരങ്ങളായ ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഏകദിന ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് മത്സരം. ഏകദിന ലോകകപ്പ് ഫൈനലായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇരുവരും അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച മത്സരം.
ചാമ്പ്യൻസ് ട്രോഫി മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ആരംഭിക്കുന്ന പരമ്പര കൂടിയാകും ഇത്. അതുകൊണ്ട് തന്നെ ഓരോ സ്ഥാനങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്‍ ഏറെ നിര്‍ണായകമാകും.
ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്‍ സഖ്യം തന്നെയാകും മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും ക്രീസിലേക്ക് എത്തും. പിന്നാലെ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാകും ടീമിലേക്ക് എത്തുക.