ഡര്‍ബൻ:സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ കത്തിക്കയറിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സില്‍ പുറത്തായി.
മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ് എന്നിവരാണ് മത്സരത്തില്‍ പ്രോട്ടീസിനെ കറക്കി വീഴ്‌ത്തിയത്. ആവേശ് ഖാൻ രണ്ടും അര്‍ഷ്‌ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താൻ ഇന്ത്യയ്‌ക്കായി.
സ്കോര്‍- ഇന്ത്യ: 202/8 (20), ദക്ഷിണാഫ്രിക്ക 141/10 (17.5)
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പൻ സെഞ്ച്വറിയായിരുന്നു. അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറിയ സഞ്ജു 50 പന്തില്‍ 107 റണ്‍സുമായിട്ടാണ് മടങ്ങിയത്. പത്ത് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഡര്‍ബനില്‍ സഞ്ജുവിന്‍റെ ഇന്നിങ്‌സ്.
തിലക് വര്‍മ (18 പന്തില്‍ 33), ക്യാപ്‌റ്റൻ സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 21), റിങ്കു സിങ് (10 പന്തില്‍ 11) എന്നിവരാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. അഭിഷേക് ശര്‍മ (7), ഹാര്‍ദിക് പാണ്ഡ്യ (2), അക്‌സര്‍ പട്ടേല്‍ (7), അര്‍ഷ്‌ദീപ് സിങ് (5*), രവി ബിഷ്‌ണോയ് (1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സീ മൂന്ന് വിക്കറ്റ് നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തകര്‍ച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ്ങ് ആരംഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്‌റ്റൻ എയ്‌ഡൻ മാര്‍ക്രമിനെ അവര്‍ക്ക് നഷ്‌ടമായി. നാല് പന്തില്‍ എട്ട് റണ്‍സ് നേടിയ പ്രോട്ടീസ് ക്യാപ്‌റ്റനെ അര്‍ഷ്‌ദീപ് സിങ് വിക്കറ്റ് കീപ്പര്‍ സഞ്ജുവിന്‍റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട്, കൃത്യമായ ഇടേവളകളില്‍ തന്നെ ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാരെ തിരികെ പവലിയനിലേക്ക് അയക്കാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്കായി. 22 പന്തില്‍ 25 റണ്‍സ് നേടിയ ഹെൻറിച്ച് ക്ലാസനാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
Also Read :ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്കില്ല..! മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലിൽ നടത്തിയേക്കും