ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ടൂര്‍ണമെന്‍റിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. എന്നാല്‍ ന്യൂസീലൻഡിനോട് തോൽവി വഴങ്ങിയ പാകിസ്ഥാൻ അവസാന സ്ഥാനത്തായതിനാല്‍ ഇന്നത്തെ പോരാട്ടം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. മത്സരം ഉച്ചയ്‌ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്‌സ്, സ്പോർട്‌സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മത്സരത്തില്‍ ശുഭ്‌മൻ ഗില്ലും രോഹിത് ശർമയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും പാകിസ്ഥാൻ ബൗളർമാരെ ഇന്ന് കീഴടക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പാകിസ്ഥാന്‍റെ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ വെല്ലുവിളി ഉയർത്താൻ കഴിയും.
കൂടാതെ പാകിസ്ഥാന്‍റെ ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ സൽമാൻ ആഘ കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് 458 റൺസ് നേടിയിട്ടുണ്ട്. വേഗതയിൽ ദീർഘമായ ഇന്നിംഗ്സുകൾ കളിക്കുന്നതിലൂടെയാണ് താരം അറിയപ്പെടുന്നത്. പാകിസ്ഥാന് വേണ്ടി കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് 52 ശരാശരിയിലും 79.47 സ്ട്രൈക്ക് റേറ്റിലും 364 റൺസ് ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ നേടിയിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് പാകിസ്ഥാൻ ബാറ്റര്‍മാരെ ഇന്ത്യ നേരിടേണ്ടിവരും.
Also Read:ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ ദുര്‍ബലരാണ് പാകിസ്ഥാനെന്ന് മുന്‍ പാക് ക്യാപ്‌റ്റന്‍ - CHAMPIONS TROPHY 2025
ഇന്ത്യന്‍ ബൗളര്‍മാരില്‍ കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് അക്‌സര്‍ പട്ടേൽ 10 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പരിക്കിനു ശേഷം മുഹമ്മദ് ഷാമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്, ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് വീഴ്ത്തിയാണ് താരം തരംഗം സൃഷ്ടിച്ചത്. കൂടാതെ ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും കഴിഞ്ഞ മത്സരത്തിലൂടെ ഷമിയെ തേടിയെത്തി.
അതേസമയം പാകിസ്ഥാന് വേണ്ടി കഴിഞ്ഞ 8 മത്സരങ്ങളിൽ നിന്ന് അബ്രാർ അഹമ്മദ് 14 വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ 7 മത്സരങ്ങളിൽ നിന്ന് ഷഹീൻ ഷാ അഫ്രീദി 13 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇവര്‍ക്കു പുറമെ, വിരാട് കോലി, ബാബർ അസം, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രധാന കളിക്കാരും ഇന്നത്തെ മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാകും.