മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. മുംബൈയില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ 86-4 എന്ന നിലയിലാണ് ഇന്ത്യ. കിവീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാള്‍ 149 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.
38 പന്തില്‍ 31 റണ്‍സുമായി ശുഭ്‌മാൻ ഗില്ലും ഒരു റണ്‍ നേടിയ റിഷഭ് പന്തുമാണ് ക്രീസില്‍. ന്യൂസിലൻഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. മാറ്റ് ഹെൻറിയും ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ കിവീസിനെ 235 റണ്‍സിലാണ് ഇന്ത്യ എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നായിരുന്നു ന്യൂസിലൻഡ് നിരയെ തകര്‍ത്തത്.
ആദ്യ സെഷൻ മുതല്‍ക്ക് തന്നെ സ്പിന്നര്‍മാരെ സഹായിച്ച പിച്ചില്‍ റണ്‍സ് കണ്ടെത്താൻ കിവീസ് ബാറ്റര്‍മാര്‍ പാടുപെട്ടു. 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്‍റെയും 71 റണ്‍സ് നേടിയ വില്‍ യങ്ങിന്‍റെയും പ്രകടനങ്ങളായിരുന്നു കിവീസിനെ വമ്പൻ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. കിവീസ് നിരയിലെ ഏഴ് ബാറ്റര്‍മാര്‍ക്കാണ് രണ്ടക്കം കടക്കാനാകാതെ പോയത്.